നാളെ നിശ്ചയിച്ചിരിക്കുന്ന നീറ്റ് പി.ജി പരീക്ഷയില്‍ മാറ്റമില്ല. മാറ്റിവയ്‌ക്കണമെന്ന ഹർജി ചീഫ് ജസ്റ്റിസ് ഡി.വൈ.
ചന്ദ്രചൂഡ് അദ്ധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് തള്ളി.
പരീക്ഷയ്‌ക്ക് തയ്യാറായിരിക്കുന്ന രണ്ടുലക്ഷം പേരുടെ കരിയർ ഹർജിക്കാരായ അഞ്ച് വിദ്യാർത്ഥികള്‍ക്ക് വേണ്ടി അപകടത്തിലാക്കാൻ കഴിയില്ലെന്ന് കോടതി നിലപാടെടുത്തു. രണ്ടു ബാച്ചുകളായി നടത്താൻ നിശ്ചയിച്ചിരിക്കുന്ന പരീക്ഷ ഒറ്റ ബാച്ചായി നടത്തണമെന്ന ആവശ്യത്തിലും ഇടപെട്ടില്ല.
ഏതു നഗരത്തില്‍ പരീക്ഷയെഴുതേണ്ടി വരുമെന്ന് ജൂലായ് 31ന് മെഡിക്കല്‍ സയൻസസ് ദേശീയ പരീക്ഷാ ബോർഡ് വിദ്യാർത്ഥികളെ അറിയിച്ചിരുന്നെങ്കിലും പരീക്ഷാകേന്ദ്രം നിശ്ചയിച്ച് നല്‍കിയത് ഈ വ്യാഴാഴ്ചയാണ്. ഇതുകാരണം യഥാസമയത്ത് പരീക്ഷാകേന്ദ്രത്തിലെത്താൻ കഴിയാത്ത സാഹചര്യമാണെന്ന് ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.