നിലമ്പൂർ ഒരുങ്ങുന്നത് മൂന്നാമത്തെ ഉപതിരഞ്ഞെടുപ്പിന്; സിറ്റിങ് എംഎൽഎ വെടിയേറ്റു മരിച്ച ചരിത്രവും മണ്ഡലത്തിന്

മലപ്പുറം: പി.വി.അൻവർ എംഎൽഎ സ്ഥാനം രാജിവച്ച ഒഴിവുനികത്താൻ തിരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനിച്ചാൽ നിലമ്പൂരിൽ കളമൊരുങ്ങുക മണ്ഡല ചരിത്രത്തിലെ മൂന്നാമത്തെ ഉപതിരഞ്ഞെടുപ്പിന്. നിലവിൽ വന്നിട്ട് 60 വർഷം പൂർത്തിയായ നിലമ്പൂർ ഇടതു–വലതു മുന്നണികൾക്കു കയ്പും മധുരവും നൽകിയിട്ടുള്ള മണ്ഡലമാണ്. കെ.കുഞ്ഞാലി, ആര്യാടൻ മുഹമ്മദ്, എം.പി.ഗംഗാധരൻ, ടി.കെ.ഹംസ തുടങ്ങി തലയെടുപ്പുള്ള നേതാക്കളെ നിയമസഭയിലേക്കു തിരഞ്ഞെടുത്തയച്ച ചരിത്രം നിലമ്പൂരിനുണ്ട്. ഒരു സിറ്റിങ് എംഎൽഎ വെടിയേറ്റു മരിച്ച അപൂർവ ചരിത്രവും നിലമ്പൂരിനുണ്ട്. 1969ൽ കെ.കുഞ്ഞാലി കൊല്ലപ്പെട്ടതിനെ തുടർന്നായിരുന്നു മണ്ഡലത്തിലെ ആദ്യ ഉപതിരഞ്ഞെടുപ്പ്.

മലപ്പുറം ജില്ല നിലവിൽ വരുന്നതിനു മുൻപേയുള്ള മണ്ഡലമാണ് നിലമ്പൂർ. 1965ൽ മഞ്ചേരി മണ്ഡലം വിഭജിച്ചാണു നിലമ്പൂർ രൂപീകരിച്ചത്. കെ.കുഞ്ഞാലിയാണ് ആദ്യ എംഎൽഎ. 1967ൽ കുഞ്ഞാലി വിജയം ആവർത്തിച്ചു. രണ്ടുതവണയും തോൽപിച്ചത് ആര്യാടൻ മുഹമ്മദിനെ. കുഞ്ഞാലി കൊല്ലപ്പെട്ടതിനെ തുടർന്ന് 1970ൽ ആണ് ആദ്യ ഉപതിരഞ്ഞെടുപ്പു നടന്നത്. അന്ന് സഹതാപ തരംഗം സിപിഎമ്മിനെ തുണച്ചില്ല. കോൺഗ്രസിന്റെ എം.പി.ഗംഗാധരൻ സിപിഎമ്മിന്റെ വി.പി.അബൂബക്കറിനെ തോൽപിച്ച് മണ്ഡലത്തിലെ കോൺഗ്രസിന്റെ കന്നിവിജയം സ്വന്തമാക്കി.

1977ൽ ആണ് ആര്യാടൻ ആദ്യമായി നിലമ്പൂരിൽ ജയിച്ചത്. 1980ൽ ആയിരുന്നു രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെട്ട് 10 ദിവസത്തിനകം സി.ഹരിദാസ് ആര്യാടൻ മുഹമ്മദിനുവേണ്ടി എംഎൽഎ സ്ഥാനം രാജിവച്ചു. കോൺഗ്രസ് (യു) നേതാവായിരുന്ന സി.ഹരിദാസ് തോൽപിച്ചത് അന്നു കോൺഗ്രസ് (ഐ) നേതാവായിരുന്ന ഇന്നത്തെ സിപിഎം നേതാവ് ടി.കെ.ഹംസയെ. കുഞ്ഞാലി വധക്കേസിന്റെ സൂത്രധാരനായി സിപിഎം ആരോപിച്ച ആര്യാടൻ മുഹമ്മദ് ഇടതുപക്ഷത്തിന്റെ ഭാഗമായ കോൺഗ്രസ് (യു) ടിക്കറ്റിലാണ് 80ലെ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് കോൺഗ്രസ് (ഐ)യിലെ എം.ആർ.ചന്ദ്രനെ തോൽപിച്ചത്.

1982ലെ നിയമസഭാ തിരഞ്ഞെടുപ്പു കാലമാകുമ്പോഴേക്കും രാഷ്ട്രീയരംഗം കീഴ്മേൽ മറിഞ്ഞിരുന്നു. ടി.കെ.ഹംസ ഇടതുപക്ഷ സ്വതന്ത്രനായും ആര്യാടൻ മുഹമ്മദ് കോൺഗ്രസ് സ്ഥാനാർഥിയായും ഗോദയിലിറങ്ങി. കടുത്ത പോരാട്ടത്തിൽ ടി.കെ.ഹംസ നേരിയ ഭൂരിപക്ഷത്തിനു ജയിച്ചു. 1987ൽ ദേവദാസ് പൊറ്റക്കാടിനെ തോൽപിച്ചു നിയമസഭയിലെത്തിയ ആര്യാടനു പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2016 വരെ അദ്ദേഹം വിജയം തുടർന്നു. 2016ൽ മത്സരരംഗത്തുനിന്നു മാറി മകൻ ഷൗക്കത്തിനെ രംഗത്തിറക്കി. ഇടതു സ്വതന്ത്രനായെത്തിയ അൻവറിനു മുന്നിൽ കോൺഗ്രസിന്റെ കുത്തക തകർന്നു.

ജില്ലയിലെ ഉപതിരഞ്ഞെടുപ്പുകൾ

1970 നിലമ്പൂർ
സിപിഎം എംഎൽഎ കെ.കുഞ്ഞാലി വെടിയേറ്റു മരിച്ചതിനെ തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എം.പി.ഗംഗാധരൻ ജയിച്ചു

1980 നിലമ്പൂർ
കോൺഗ്രസ് (യു) എംഎൽഎ സി.ഹരിദാസ് രാജിവച്ച ഒഴിവിൽ അതേ പാർട്ടിയിലെ ആര്യാടൻ മുഹമ്മദ് ജയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ മന്ത്രിയായ ആര്യാടനു നിയമസഭയിലെത്താൻ വേണ്ടിയാണ് ഹരിദാസ് രാജിവച്ചത്.

1984 മഞ്ചേരി
സി.എച്ച്.മുഹമ്മദ് കോയയുടെ മരണത്തെ തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ ലീഗിലെ എം.പി.എം.ഇസ്ഹാഖ് കുരിക്കൾ ജയിച്ചു

1992 താനൂർ
പി.സീതിഹാജിയുടെ മരണത്തെ തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ ലീഗിലെ കുട്ടി അഹമ്മദ് കുട്ടി ജയിച്ചു

1995 തിരൂരങ്ങാടി
ഐഎൻഎല്ലിൽ ചേർന്നതിനെത്തുടർന്ന് ലീഗിലെ യു.എ.ബീരാൻ രാജിവച്ച ഒഴിവിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എ.കെ.ആന്റണി ജയിച്ചു

2017 വേങ്ങര
പി.കെ.കുഞ്ഞാലിക്കുട്ടി ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ ലീഗിലെ കെ.എൻ.എ.ഖാദർ ജയിച്ചു.

ഉപതിരഞ്ഞെടുപ്പ് നേരിടാൻ യുഡിഎഫും കോൺഗ്രസും സജ്ജമാണ്. വലിയ ഭൂരിപക്ഷത്തിൽ പ്രിയങ്ക ഗാന്ധിയെ വിജയിപ്പിച്ചത് രണ്ടുമാസം മുൻപാണ്. നിലമ്പൂരിൽ ആരു സ്ഥാനാർഥിയായാലും വൻ ഭൂരിപക്ഷത്തിന് യുഡിഎഫ് ജയിക്കും. സ്ഥാനാർഥിയാരെന്നു കോൺഗ്രസും യുഡിഎഫും തീരുമാനിക്കും. ഞാൻ അതിനെക്കുറിച്ച് പറയുന്നില്ല. ആര്യാടൻ ഷൗക്കത്ത് കെപിസിസി ജനറൽ സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *