തിരൂർ പുതിയങ്ങാടി വലിയ നേര്ച്ചയില് വ്യാജ തേയില വിൽപ്പനക്കെത്തിച്ചവരെ കൈയ്യോടെ പിടികൂടി ഭക്ഷ്യസുരക്ഷ വകുപ്പ്. 15 കിലോ വ്യാജ തേയിലയാണ് പിടികൂടിയത്. വ്യാഴാഴ്ച ഉച്ചയോടെയാണ് പൊലീസ് ലൈന്‍ പെട്രോള്‍ പമ്പിന് സമീപത്ത് വെച്ച് പിക്കപ്പ് വാനില്‍ വിതരണത്തിനായി കൊണ്ടുവന്ന 15 കിലോ വ്യാജ തേയില ഭക്ഷ്യസുരക്ഷ വകുപ്പ് പിടികൂടിയത്. തിരൂരില്‍ മൂന്നാം തവണയാണ് വ്യാജ തേയില പിടികൂടുന്നത്. പുതിയങ്ങാടി നേര്‍ച്ചയോടനുബന്ധിച്ച് ചായകടകളില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയില്‍ സംശയാസ്പദമായ രീതിയില്‍ കളര്‍ ചേര്‍ത്ത ചായപൊടി കണ്ടെത്തിയിരുന്നു. വിതരണക്കാരനെ കുറിച്ചന്വേഷിച്ചപ്പോള്‍ പട്ടാമ്പിയില്‍ നിന്നും വ്യാഴാഴ്ചകളിലാണ് തേയില എത്തിച്ചു തരുന്നത് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പട്രോളിങ്ങിനിയില് പൊലീസ് ലൈന്‍ പെട്രോള്‍ പമ്പിന് സമീപത്ത് വെച്ച് പിക്കറ്റ് വാനില്‍ നിന്നും 15 കിലോ വ്യാജ തേയില പിടികൂടിയത്. മലപ്പുറം ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ പി. സുജിത് പെരേരയുടെ നിര്‍ദ്ദേശപ്രകാരം തിരൂര്‍ ഭക്ഷ്യസുരക്ഷ ഓഫീസര്‍ എം.എന്‍ ഷംസിയ, കോട്ടക്കല്‍, തവനൂര്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ യു. ദീപ്തി, വി.എസ് വിബിന്, ഓഫീസ് അസിസ്റ്റന്റ് ഒലിയില്‍ മുഹമ്മദലി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.