നിർമ്മാണം പൂർത്തീകരിച്ച 30 സ്മാര്‍ട്ട് അങ്കണവാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 26 വ്യാഴാഴ്ച വൈകീട്ട് 4.30ന് മട്ടന്നൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. കെ.കെ. ശൈലജ ടീച്ചര്‍ എംഎല്‍എ സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍, രജിസ്‌ട്രേഷന്‍, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. എം.പി.മാരായ കെ. സുധാകരന്‍, ഷാഫി പറമ്ബില്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എം എല്‍ എമാരായ എംവി ഗോവിന്ദന്‍, കെപി മോഹനന്‍, സണ്ണി ജോസഫ്, സജീവ് ജോസഫ്, ടി.ഐ. മധുസൂദനന്‍, എം. വിജിന്‍, കെവി സുമേഷ്, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
നിലവില്‍ 189 സ്മാര്‍ട്ട് അങ്കണവാടികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനായി അനുമതി നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അതില്‍ 87 അങ്കണവാടികളുടെ ഉദ്ഘാടനം കഴിഞ്ഞു. ഇത് കൂടാതെ 30 സ്മാര്‍ട്ട് അങ്കണവാടികളാണ് ഇപ്പോള്‍ പ്രവര്‍ത്തനസജ്ജമാവുന്നത്. ഇതോടെ 117 സ്മാര്‍ട്ട് അങ്കണവാടികള്‍ യാഥാര്‍ഥ്യമാവുകയാണ്. ബാക്കിയുള്ളവയുടെ നിര്‍മ്മാണം പുരോഗമിക്കുന്നതായും മന്ത്രി വ്യക്തമാക്കി