കലുഷിതമായ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ നിന്നു കൊണ്ട് പതിനഞ്ചാം നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും.
ആറു ബില്ലുകള്‍ പരിഗണനയ്ക്ക് വരാനിരിക്കെ സഭയില്‍ വിവാദവിഷയങ്ങളില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള വാക്പോരിന്റെയും വാദപ്രതിവാദങ്ങളുടേയും വേലിയേറ്റത്തിന് ഇട നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രതിപക്ഷം. പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളും മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖവും സഭയില്‍ പ്രതിപക്ഷത്തിന് പ്രധാന ആയുധങ്ങളാണ്. എഡിജിപി – ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച, മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖവും പിആര്‍ കമ്ബനി ബന്ധങ്ങളും പ്രതിപക്ഷം ശക്തമായി ഉയര്‍ത്താനാണ് സാധ്യത.
കേരള വെറ്ററിനറി സര്‍വകലാശാല ബില്‍ ഉള്‍പ്പെടെ ആറ് ബില്ലുകളാണ് ഈ സഭാ സമ്മേളന കാലയളവില്‍ പരിഗണനയ്ക്ക് വരുന്നത്. ബില്ലുകള്‍ പരിഗണിക്കുന്നതിന്റെ സമയക്രമം ഇന്ന് ചേരുന്ന കാര്യോപദേശക സമിതി തീരുമാനിക്കും. ആദ്യ ദിനത്തില്‍ മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ അനുശോചനം അര്‍പ്പിച്ച് സഭ പിരിയും. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഏഴ് മുതല്‍ സഭാ സമ്മേളനം തുടരും.
ഒമ്ബത് ദിവസം നീണ്ടു നില്ക്കുന്ന സമ്മേളനം 18ന് അവസാനിക്കും. ഏറെ ബഹളത്തിനൊടുവില്‍ വിവാദ അഭിമുഖത്തില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നല്കിയ വിശദീകരണം പ്രതിപക്ഷത്തിന് തൃപ്തി നല്കുന്നതായിരുന്നില്ല. സര്‍ക്കാരോ മുഖ്യമന്ത്രിയോ ഒരു പിആര്‍ ഏജന്‍സിയെയും അഭിമുഖത്തിനായി ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ദ ഹിന്ദു ദിനപത്രം താന്‍ പറയാത്ത കാര്യങ്ങളാണ് അഭിമുഖത്തില്‍ ചേര്‍ത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനെതിരേ പ്രതിപക്ഷ നേതാവ് രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്.
മുഖ്യമന്ത്രിയുടെ അഭിമുഖത്തില്‍ അനുവാദമില്ലാതെ ആര്‍ക്കെങ്കിലും കയറിവരാനാകമോയെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് പൊലീസിന് പോലും പരിചയമില്ലാത്തയാള്‍ കയറി വന്നെന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കുമെന്ന് ചോദിച്ചു. മുഖ്യമന്ത്രി പറയാത്ത കാര്യം എഴുതി കൊടുത്ത കെയ്സണെതിരെയും റിപ്പോര്‍ട്ട് ചെയ്ത ഹിന്ദു പത്രത്തിനെതിരെയും കേസെടുക്കാന്‍ ധൈര്യമുണ്ടോയെന്നും ചോദിച്ചു.