നിയമലംഘനം: വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി

നിയമലംഘനം നടത്തുന്ന ടിപ്പർ ലോറികള്‍ അടക്കമുള്ളവക്കെതിരെ ഗതാഗത വകുപ്പിന്റെയും പൊലീസിന്റെയും സംയുക്ത നടപടി.

ചൊവ്വാഴ്ച തുടങ്ങിയ പരിശോധന വരും ദിവസങ്ങളിലും തുടരും. കൈനാട്ടി, കല്‍പറ്റ ബൈപാസ്, മാനന്തവാടി- കമ്ബളക്കാട് റൂട്ട്, മീനങ്ങാടി- മുട്ടില്‍ റൂട്ട്, കൈനാട്ടി -കമ്ബളക്കാട് റൂട്ട് എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് പനയംപാടത്ത് കഴിഞ്ഞയാഴ്ച ചരക്കുലോറി പാഞ്ഞുകയറി നാലു വിദ്യാർഥികള്‍ ദാരുണമായി കൊല്ലപ്പെട്ടിരുന്നു. വയനാട് ജില്ലയിലും ഇത്തരം അപകടങ്ങള്‍ക്ക് സാധ്യതയേറെയുണ്ടെന്ന വാർത്ത ‘മാധ്യമം’ ശനിയാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. ‘സ്കൂള്‍ സമയത്തും ടിപ്പറുകള്‍, വിദ്യാർഥികളെ ദൈവം കാക്കട്ടെ’ എന്ന തലക്കെട്ടില്‍ നല്‍കിയ വാർത്ത ടിപ്പറുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ നടത്തുന്ന നിയമലംഘനങ്ങള്‍ തുറന്നുകാട്ടിയിരുന്നു.

ഇതേത്തുടർന്നായിരുന്നു അധികൃതരുടെ പരിശോധന. ടിപ്പറുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ സ്കൂള്‍ സമയങ്ങളില്‍ ഓടുന്നുണ്ടോ എന്ന കാര്യത്തിലും കർശന പരിശോധനയാണ് നടത്തുന്നത്.

ഗതാഗത വകുപ്പും പൊലീസും ചേർന്ന് ആകെ 540 വാഹനങ്ങളാണ് പരിശോധിച്ചത്. 342 ഇ-ചലാനുകള്‍ തയാറാക്കി. 3,01500 രൂപ വിവിധ വാഹന ഉടമകളില്‍നിന്ന് പിഴ ഈടാക്കി.

ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ച 102 പേർക്കെതിരെയും ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് 33 പേർക്കെതിരെയുമാണ് നടപടി സ്വീകരിച്ചത്. വാഹന നികുതി അടക്കാത്ത നാലു വാഹനങ്ങള്‍ക്കെതിരെയും വാഹനം ഓടിക്കുമ്ബോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് നാലു പേർക്കെതിരെയും നടപടിയെടുത്തു.

14 പേർ സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിച്ചതായി കണ്ടെത്തി. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് 21 പേർക്കെതിരെയും ഗതാഗതനിയമ ലംഘനം നടത്തിയതിന് 13 പേർക്കെതിരെയും ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് 12 പേർക്കെതിരെയും ഫിറ്റ്നസ് ഇല്ലാതെ വാഹനം ഓടിച്ചതിന് നാലു പേർക്കെതിരെയുമാണ് നടപടിയെടുത്തത്.

രജിസ്ട്രേഷൻ നമ്ബർ ശരിയായ രീതിയില്‍ പ്രദർശിപ്പിക്കാത്ത 13 പേർക്കെതിരെയും അപകടകരമായ രീതിയില്‍ പാർക്ക് ചെയ്തതിന് 95 പേർക്കെതിരെയും സീബ്ര ലൈനില്‍ വാഹനം നിർത്തിക്കൊടുക്കാത്തതിന് ഏഴുപേർക്കെതിരെയും അമിതവേഗത്തില്‍ വാഹനം ഓടിച്ചതിന് 10 പേർക്കെതിരെയും നടപടിയെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *