ഹോട്ടലിലേക്ക് നിയന്ത്രണം വിട്ട് വാൻ ഇടിച്ചുകയറി അപകടം.നരിക്കുനി നെല്ല്യേരിത്താഴം ജംഗ്ഷനില്‍ ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം.
അപകടത്തില്‍ ഡ്രൈവർക്ക് പരിക്കേറ്റു. നരിക്കുനിയില്‍ നിന്നും പൂനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ചളിക്കോട് സ്വദേശി സഞ്ചരിച്ച മഹീന്ദ്ര മാക്‌സിമോ വാനാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ഹോട്ടലിന്റെ മുൻവശം തകർന്നു.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് സൂചന. പരിക്കേറ്റ ഡ്രൈവറെ കോഴിക്കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഹോട്ടല്‍ തുറക്കുന്നതിന് മുൻപാണ് അപകടം സംഭവിച്ചത്. വലിയൊരു അപകടമാണ് ഒഴിവായതെന്നാണ് നാട്ടുകാർ പറയുന്നത്.
കഴിഞ്ഞ ദിവസം ആലപ്പുഴ ചെങ്ങന്നൂരില്‍ രണ്ട് കാറുകളും രണ്ട് ബൈക്കുകളും കൂട്ടിയിടിച്ച് 23കാരൻ മരിച്ചിരുന്നു. ബൈക്ക് യാത്രികനായ കണ്ണൂർ കൂത്തുപറമ്ബ് മങ്ങാട്ടിടം കിണവക്കല്‍ തട്ടാൻകണ്ടി വീട്ടില്‍ പ്രീതയുടെ മകൻ വിഷ്ണുവാണ് മരിച്ചത്. എംസി റോഡില്‍ ചെങ്ങന്നൂർ ടൗണില്‍ എസ്‌എൻഡിപി യൂണിയൻ കെട്ടിടത്തിന് മുന്നിലായിരുന്നു അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ വിഷ്ണു 15 അടിയോളം ഉയരത്തില്‍ പൊങ്ങി ബോർഡില്‍ തലയിടിച്ച് താഴേയ്ക്ക് വീഴുകയായിരുന്നു.അപകടത്തില്‍ ബൈക്ക് യാത്രികനായ അമ്ബലപ്പുഴ കരൂർ പുതുവല്‍ വിവേകിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. പൊലീസും ഫയർ ഫോഴ്സും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.