നിപ രോഗ വ്യാപനമില്ലെന്ന് ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായാണ് ആരോഗ്യ വകുപ്പ് മുന്നോട്ട് പോകുന്നതെന്ന് മന്ത്രി വീണാ ജോർജ്.
പാണ്ടിക്കാട്ട് രോഗബാധ മൂലം മരിച്ച പതിനാലുകാരന്റെ കുടുംബാംഗങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധ സംബന്ധിച്ച് പരമാവധി വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. മലപ്പുറത്ത് രോഗ വ്യാപനം തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമായി തന്നെ മുന്നോട്ട് പോകുകയാണെന്നും രോഗ വ്യാപനം സംബന്ധിച്ച് വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാവുമെന്നും വീണാ ജോർജ് വ്യക്തമാക്കി.
രോഗ വ്യാപനമുണ്ടായതായി കരുതുന്ന രണ്ടു പഞ്ചായത്തുകളും പ്രതിരോധ പ്രവർത്തനങ്ങളില്‍ നല്ല രീതിയില്‍ തന്നെ സഹകരിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇന്നലെ പരിശോധനാ ഫലം പുറത്തുവന്ന പതിനൊന്നു പേരുടെ സാമ്ബിള്ളുകളും നെഗറ്റീവായത് വലിയ ആശ്വാസമാണ് നല്‍കുന്നത്. ഇന്ന് 19 സാമ്ബിളുകള്‍ കൂടി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. പുണെയില്‍ നിന്നുള്ള വൈറോളജി മൊബൈല്‍ ലാബ് ഇന്നലെ എത്തിയിട്ടുണ്ട്. എൻഐവി സംഘം ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളേജ് സന്ദർശിച്ചിരുന്നു. ഇന്ന് രോഗബാധിത മേഖലയില്‍ പ്രവർത്തനം തുടങ്ങുമെന്നും വവ്വാലുകളുടെ സാമ്ബിളുകള്‍ ശേഖരിക്കുമെന്നും വീണാ ജോർജ് അറിയിച്ചു.
രോഗ ബാധ മൂലം മരിച്ച കുട്ടിയുടെപുതിയ റൂട്ട് മാപ്പ് സമ്ബർക്ക പട്ടികയില്‍ ഉള്ളവരുടെ എണ്ണം 406 ആയി വര്‍ധിച്ചിട്ടുണ്ട്. പട്ടികയിലെ 196 പേർ ഹൈറിസ്ക് വിഭാഗത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇവരില്‍ 139 പേരും ആരോഗ്യ പ്രവർത്തകരാണ്. പട്ടികയിലുള്‍പ്പെട്ട 15പേരാണ് മഞ്ചേരി, തിരുവനന്തപുരം,കോഴിക്കോട് എന്നിവിടങ്ങളിലായി ഇപ്പോള്‍ ആശുപത്രികളിലുള്ളതെന്നും മന്ത്രി പറഞ്ഞു. ഇതുവരെ 7200ല്‍ അധികം വീടുകള്‍ സന്ദർശിച്ച് സർവ്വേ നടത്തിയിട്ടുണ്ടെന്നും ഇന്ന് കൂടുതല്‍ ടീമുകള്‍ വീടുകള്‍ സന്ദർശിക്കുമെന്നും മന്ത്രി വ്യക്തമാക്കി.