മലപ്പുറത്ത് നിപ ബാധിച്ചു മരിച്ച പതിനാലുകാരന് വൈറസ് ബാധയുണ്ടായത് അമ്ബഴങ്ങയില്‍നിന്നാണോയെന്നു സംശയം.
കുട്ടി സുഹൃത്തുക്കള്‍ക്കൊപ്പം അമ്ബഴങ്ങ പറിച്ചു കഴിച്ചതായി വിവരമുണ്ടെന്നും ഇതിലൂടെയാണ് രോഗയുണ്ടായതെന്നു പരിശോധിക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അമ്ബഴങ്ങ പറിച്ച പ്രദേശത്ത് വവ്വാല്‍ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് അറിയുന്നതെന്ന് മന്ത്രി പറഞ്ഞു.
ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 7 പേരുടെ സാമ്ബിളുകളുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് വീണ ജോര്‍ജ് അറിയിച്ചു. ആറ് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളജിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.
നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ ബന്ധുക്കള്‍ക്കും രോഗലക്ഷണമില്ല. 14 കാരന്റെ സമ്ബര്‍ക്കപ്പട്ടികയില്‍ 330 പേരാണുള്ളത്. ഇവരില്‍ 101 പേരെ ഹൈറിസ്‌ക് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 68 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്
പ്രദേശത്ത് വീടുകള്‍ കയറിയുള്ള സര്‍വെ അടക്കം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യമന്ത്രി അറിയിച്ചു.