ഇല്ല നിനക്കിനി മാപ്പില്ലെന്ന് അലറി വിളിച്ചാണ് പത്മരാജൻ തന്റെ ഭാര്യ അനില സഞ്ചരിച്ച കാർ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്.
കൊല്ലം ചെമ്മാംമുക്കില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ നടന്ന സംഭവത്തിന്റെ നടുക്കത്തിലാണ് നാട്ടുകാരും കണ്ടുനിന്നവരും. ‘അരുത് ചെയ്യല്ലേ’ എന്ന് പെട്രോള്‍ ഒഴിക്കാൻ തുടങ്ങുന്ന നേരം അനില പത്മരാജനോട് അപേക്ഷിച്ചിരുന്നു. എന്നാല്‍ ഇതൊന്നും അയാള്‍ ചെവി കൊണ്ടില്ല. നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു കാറിലേക്ക് പെട്രോള്‍ വീണതും തീ ആളി പടർന്നതും. വലിയ തീയും പുകയും ശബ്ദവുമാണ് ഓടിക്കൂടിയ നാട്ടുകാർ കണ്ടത്. ഒരു വലിയ പൊട്ടിത്തെറി ശബ്ദവും തീകത്തി ഒരാള്‍ ഓടുന്നതുമാണ് കണ്ടതെന്നാണ് ആദ്യം സ്ഥലത്തെത്തിയവർപറയുന്നത്. വാഹനങ്ങള്‍ കൂട്ടിയിടിച്ച് കത്തി എന്നാണ് ആള്‍ക്കാർ കരുതിയത്.അഗ്നിശമന സേന സ്ഥലത്തെത്തി കാറിനുള്ളിലെ തീ അണച്ചപ്പോഴാണ് മുൻ സീറ്റിലുള്ള ആളെ കാണുന്നത്. പൂർണ്ണമായും തീ കെടുത്തിയ ശേഷമായിരുന്നു കാറിന്റെ മുൻ സീറ്റിലെ ആളെ പുറത്തെടുത്തത്. അപ്പോഴേക്കും ശരീരം പൂർണമായും കത്തിയിരുന്നു.
അനിലയും ഇവരുടെ ബേക്കറിയിലെ ജീവനക്കാരനായ സോണിയും സഞ്ചരിച്ച കാർ മുന്നിലും, പത്മരാജൻ സഞ്ചരിച്ച ഒമ്നിവാൻ പിറകിലുമായാണ് വന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പെട്ടെന്ന് തന്നെ വാൻ കാറിന്റെ വലതുവശത്തേക്ക് ഇടിച്ചു നിർത്തിയ ശേഷം വാനില്‍ നിന്ന് ഇറങ്ങിയ ആള്‍ കാറിന്റെ വശത്തെ ഗ്ലാസ് പൊട്ടിച്ച് കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ കാറിനുള്ളിലൊഴിച്ച് കത്തിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറയുന്നു.ഓടികൂടിയവർ കാറിന്റെ ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മൂന്നുതവണ കാറില്‍ നിന്നും പൊട്ടിത്തെറി ശബ്ദം കേട്ടതായും കണ്ടു നിന്നവർ പറഞ്ഞു.
അനില അടുത്തിടെ തുടങ്ങിയ ബേക്കറിയില്‍ പണം നിക്ഷേപിച്ച പട്ടത്താനം സ്വദേശി ഹനീഷ് ലാലിനെയും അനിലയേയുമായിരുന്നു പത്മരാജൻ ലക്ഷ്യം വച്ചത്. എന്നാല്‍ ബേക്കറിയിലെ ജീവനക്കാരനായ സോണിയായിരുന്നു അനിലയുടെ കൂടെയുണ്ടായിരുന്നത്. ബേക്കറിയില്‍ ഹനീഷ് പണം നിക്ഷേപിച്ചതും ബേക്കറിയില്‍ സ്ഥിരമായി വരുന്നതും പത്മരാജന് ഇഷ്ടമല്ലായിരുന്നു. ഇതിനെ ചൊല്ലി പത്മരാജനും അനിലയുമായി പലതവണ വഴക്കുണ്ടായിട്ടുണ്ട്. ഹനീഷ് ലാലിൻറെ പണം തിരികെ കൊടുത്തു ബേക്കറിയിലെ അവകാശം ഒഴിവാക്കണമെന്നായിരുന്നു പത്മരാജന്റെ ആവശ്യം. തുടർന്ന് അനില ചെമ്മാം മുക്കിന് സമീപം വീട് വാടകയ്ക്ക് എടുത്ത് താമസം മാറി. എന്നാല്‍ ഒരുമിച്ച് താമസിക്കാമെന്ന് പിന്നീട് അനില അറിയിച്ചിരുന്നെങ്കിലും പക മനസ്സില്‍ കരുതിയ പത്മരാജൻ ഇരുവരെയും കൊല്ലാൻ സൂത്രണം ചെയ്യുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. അനിലയെയും ഹനീഷ് ലാലിനെയും കൊലപ്പെടുത്താൻ പദ്ധതി ഇട്ടിരുന്നതായി പത്മരാജൻ പൊലീസിനും മൊഴി നല്‍കി. തഴുത്തലയിലെ പമ്ബില്‍ നിന്നും 300 രൂപയ്ക്കാണ് ഇയാള്‍ പെട്രോള്‍ വാങ്ങിയത്. ജയിലില്‍ പോകാൻ തയ്യാറെടുത്തതുകൊണ്ട് തന്നെയാണ് പൊലീസില്‍ കീഴടങ്ങിയതെന്നും പത്മരാജൻ പൊലീസിനോട് പറഞ്ഞു.