ചെറിയ ഇടവേളക്ക് ശേഷം യുവേഫാ നാഷന്സ് ലീഗില് മത്സരങ്ങള് ഇന്ന് വീണ്ടും തുടങ്ങുന്നു. കരുത്തരായ ഫ്രാന്സ്, ഇറ്റലി, ബെല്ജിയം, ഇംഗ്ലണ്ട് എന്നിവര് ഇന്ന് വിവിധ ടീമുകള്ക്കെതിരേ മത്സരത്തിനിറങ്ങുന്നുണ്ട്.
ഇന്ന് രാത്രി 8.30ന് നടക്കുന്ന ആദ്യ മത്സരത്തില് കസാഖിസ്ഥാന് ആസ്ട്രിയയെ നേരിടും. രാത്രി 10.30ന് നടക്കുന്ന മത്സരത്തില് അര്മേനിയയും ഫെറോ അയ്ലന്ഡും തമ്മിലാണ് മത്സരം. രാത്രി 1.15ന് കരുത്തരായ ഇംഗ്ലണ്ട് ഗ്രീസിനെ നേരിടും.
ഗ്രീസിനെതിരേ വെംബ്ലിയില് നടന്ന ഹോം മത്സരത്തില് ഇംഗ്ലണ്ട് 2-1ന് ഗ്രീസിനോട് പരാജയപ്പെട്ടിരുന്നു. അതിനാല് അതിന്റെ കണക്ക് തീര്ക്കാന് വേണ്ടിയാകും ഇംഗ്ലീഷ് സംഘം ഇന്ന് ഗ്രീസിന്റെ തട്ടകമായ ഒളിംപിയ സ്റ്റേഡിയത്തിലെത്തുക. എന്നാല് സ്വന്തം നാട്ടുകാര്ക്ക് മുന്നില് ജയിക്കാനുറച്ച് ഗ്രീസും കളത്തിലിറങ്ങുമ്ബോള് മത്സരം പൊടിപാറുമെന്ന കാര്യത്തില് സംശയമില്ല. നിലവില് ഗ്രൂപ്പ് എഫില് നാലു മത്സരത്തില്നിന്ന് 12 പോയിന്റുമായി ഗ്രീസാണ് പട്ടികയില് ഒന്നാം സ്ഥാനത്ത് നില്ക്കുന്നത്. നാലു മത്സരത്തില്നിന്ന് ഒന്പത് പോയിന്റുള്ള ഇംഗ്ലണ്ട് പട്ടികയില് രണ്ടാം സ്ഥാനത്താണുള്ളത്. ഇതേസമയത്ത് നടക്കുന്ന മറ്റൊരു മത്സരത്തില് ഫ്രാന്സ് ഇസ്രയേലിനെ നേരിടും. ഫ്രാന്സിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. നാലു മത്സരത്തില്നിന്ന് ഒന്പത് പോയിന്റുള്ള ഫ്രാന്സ് പട്ടികയില് രണ്ടാം സ്ഥാനത്തുണ്ട്.
എന്നാല് ദുര്ബലരായ ഇസ്രയേല് പട്ടികയില് അവസാന സ്ഥാനത്താണുള്ളത്. അതിനാല് സ്വന്തം തട്ടകത്തില് നടക്കുന്ന മത്സരത്തില് അനായാസം ജയം കൊയ്യാന് കഴിയുമെന്ന പ്രതീക്ഷയിലാണ് ഫ്രഞ്ച് ടീം. ഗ്രൂപ്പ് ബിയില് ബെല്ജിയവും ഇറ്റലിയും തമ്മിലാണ് ഇന്നത്തെ പ്രധാന പോരാട്ടം. ബെല്ജിയത്തിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. നാലു മത്സരത്തില്നിന്ന് 10 പോയിന്റുള്ള ഇറ്റലിയാണ് ഗ്രൂപ്പ് ബിയില് പട്ടികയില് ഒന്നാം സ്ഥാനത്ത് നില്ക്കുന്നത്. നാലു മത്സരത്തില്നിന്ന് നാലു പോയിന്റുമായി പട്ടികയില് മൂന്നാം സ്ഥാനത്ത് നില്ക്കുന്ന ബെല്ജിയത്തിന് ഇനിയുള്ള മത്സരങ്ങള് നിര്ണായകമാണ്. അതിനാല് ഇന്ന് സ്വന്തം തട്ടകത്തില് നടക്കുന്ന മത്സരത്തില് ജയത്തില് കുറഞ്ഞതൊന്നും ബെല്ജിയം ആഗ്രഹിക്കുന്നില്ല. അതിനാല് ഇന്ന് രാത്രി 1.15ന് ബ്രസല്സിലെ കിങ് സ്റ്റേഡിയത്തില് തീ പാറുന്ന പോരാട്ടം പ്രതീക്ഷിക്കാം.