നാവികസേനയുടെ യുദ്ധക്കപ്പല്‍ ഐ.എൻ.എസ്. ബ്രഹ്മപുത്രയ്ക്ക് തീപ്പിടിച്ചു. മുംബൈയില്‍ നാവിക സേനയുടെ ഡോക്ക് യാർഡില്‍ അറ്റകുറ്റപ്പണിക്കിടെ ആയിരുന്നു സംഭവം.
ഒരു ജൂനിയർ സെയിലറെ കാണാതായെന്നും അദ്ദേഹത്തിനായി രക്ഷാപ്രവർത്തനം നടക്കുകയാണെന്നും നാവികസേനാവൃത്തങ്ങള്‍ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരമാണ് തീപ്പിടിത്തമുണ്ടായത്.
ഡോക്ക് യാർഡിലെ അഗ്നിശമന സേനയുടെ സഹായത്തോടെ കപ്പല്‍ ജീവനക്കാർ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും കപ്പല്‍ ഒരു വശത്തേക്ക് ചരിയുകയായിരുന്നു.
നീണ്ട നേരത്തെ ശ്രമങ്ങള്‍ നടത്തിയിട്ടും കപ്പല്‍ നേരെയാക്കാൻ സാധിച്ചിട്ടില്ലെന്ന് നാവികസേന പ്രസ്താവനയില്‍ വ്യക്തമാക്കി. അപകടത്തെക്കുറിച്ച് നാവികസേന അന്വേഷണം നടത്തും.