ബജറ്റ് സമ്മേളനം ഫലപ്രദമാക്കാൻ പ്രതിപക്ഷ സഹകരണം അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിന് ഒന്നിച്ച് നീങ്ങണമെന്ന് അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിന് മുന്നോടിയായി പാർലമെന്റില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പാർലമെൻ്റിന്റെ വർഷകാല സമ്മേളനം ഇന്ന് ആരംഭിക്കുകയാണ്. ഇന്ന് രാജ്യം മുഴുവൻ സഭയിലേക്കാണ് ഉറ്റുനോക്കുന്നത്. ഇതൊരു സർഗാത്മകമായ സമ്മേളനം ആയിരിക്കണം. ജനങ്ങളുടെ ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിന് ഒന്നിച്ച് നീങ്ങണം. വിദ്വേഷം മാറ്റിവെച്ച് പ്രതിപക്ഷം സഹകരിക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.
60 വർഷത്തിന് ശേഷമാണ് ഒരു സർക്കാർ മൂന്നാം തവണയും അധികാരത്തില്‍ വന്നത്. മൂന്നാം തവണയും ആദ്യ ബജറ്റ് അവതരിപ്പിക്കാൻ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. അമൃതകാലത്തെ സുപ്രധാന ബജറ്റാണ് നാളെ അവതരിപ്പിക്കാൻ പോകുന്നത്. ജനങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്ന ജനകീയ ബജറ്റായിരിക്കും സർക്കാർ അവതരിപ്പിക്കുക. 2024 ലേക്കുള്ള റോഡ് മാപ്പ് കൂടിയാണ് ഈ ബജറ്റ്. വികസിത ഭാരതം’ എന്ന നമ്മുടെ സ്വപ്നത്തിന്റെ ശക്തമായ അടിത്തറ ആയി ഈ ബജറ്റ് മാറും. രാജ്യത്തിന്റെ വികനസത്തിന് എല്ലാവരുടേയും കൂട്ടുത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.