നാല്‍പ്പതിലധികം സ്‌കൂളുകളില്‍ ബോംബ് ഭീഷണി, കുട്ടികളെ മടക്കിയയച്ചു, പരിശോധന നടത്തി പൊലീസും ഫയര്‍ഫോഴ്‌സും

രാജ്യതലസ്ഥാനത്തെ നാ‌ല്‍പ്പതിലധികം സ്‌കൂളുകളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. ഇമെയിലിലൂടെയാണ് ഭീഷണി സന്ദേശങ്ങള്‍ സ്‌കൂള്‍ അധികൃതർക്ക് ലഭിച്ചതെന്നാണ് വിവരം.

ആർ കെ പുരയിലെ ഡല്‍ഹി പബ്ളിക്‌ സ്‌കൂളിനും, പശ്ചിം വിഹാറിലെ ജി ഡി ഗോയങ്ക സ്‌കൂളിനുമാണ് ആദ്യമായി ബോംബ് ഭീഷണി ലഭിച്ചത്. പുലർച്ചെ 6:15 ഓടെയാണ് ആദ്യ സന്ദേശം ലഭിച്ചത്. ഈ സമയം കുട്ടികള്‍ പലരും സ്‌കൂളുകളില്‍ എത്തിയിരുന്നു. ജീവനക്കാരുമുണ്ടായിരുന്നു. ഇവരെയെല്ലാം മടക്കിയയച്ചു.

ജി ഡി ഗോയങ്ക സ്‌കൂളിലാണ് ആദ്യമായി സന്ദേശം ലഭിച്ചത്. ഉടൻതന്നെ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. തുടർന്ന് 7:06ഓടെയാണ് ഡല്‍ഹി പബ്ളിക്‌ സ്‌കൂളില്‍ ഭീഷണി സന്ദേശം ലഭിച്ചത്. ഇവരും അഗ്നിരക്ഷാ സേനയെ വിളിച്ചു. സ്ഥലത്ത് പൊലീസ്, അഗ്നിരക്ഷാ സേന, ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവർ പരിശോധന നടത്തിയെങ്കിലും സംശയാസ്‌പദമായ ഒന്നും കണ്ടെത്തിയിട്ടില്ല.

ഡല്‍ഹിയില്‍ സ്‌കൂളുകളില്‍ ബോംബ് ഭീഷണി കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി തുടർച്ചയായി ഉണ്ടാകുകയാണ്. രോഹിണി മേഖലയിലെ പ്രശാന്ത് വിഹാറില്‍ ഒക്‌ടോബർ മാസത്തില്‍ സിആർ‌പിഎഫിന്റെ സ്‌കൂളിനോട് ചേർന്ന് ഒരു സ്‌ഫോടനം ഉണ്ടായിരുന്നു. സ്‌കൂളിന്റെ മതിലിനും തൊട്ടടുത്തുള്ള കടകള്‍ക്കും വാഹനങ്ങള്‍ക്കും ഇതില്‍ കേടുപാടുണ്ടായി. പിറ്റേന്ന് ഒക്‌ടോബർ 21ന് എല്ലാ സിആർ‌പിഎഫ് സ്‌കൂളുകളിലേക്കും ഇമെയിലായി ബോംബ് ഭീഷണി വന്നിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ ഇത് വ്യാജമെന്ന് തെളിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *