നാലാംനാള്‍ തിരച്ചിലിന് 10 ടീമുകള്‍; ആറു മേഖലകളായി തിരിച്ച്‌ പരിശോധന

വയനാട്ടിലെ ദുരന്തഭൂമിയില്‍ തിരച്ചില്‍ നാലാം ദിനത്തിലേക്ക്. ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല ഭാഗങ്ങളില്‍ മരണം 292 ആയി.

ചാലിയാറില്‍നിന്ന് ഇതുവരെ കണ്ടെടുത്തത് 172 മൃതദേഹങ്ങളാണ്. സൈന്യം നിർമിച്ച ബെയ്ലി പാലം പ്രവർത്തന സജ്ജമായതോടെ രക്ഷാപ്രവർത്തനം വേഗത്തിലാകും. മുണ്ടക്കൈ മേഖലയില്‍ ഇനിയാരും ജീവനോടെ കുടുങ്ങിക്കിടക്കാന്‍ സാധ്യതയില്ലെന്നാണു സൈന്യത്തിന്റെ നിഗമനമെങ്കിലും ജീവന്റെ തുടിപ്പ് തേടി ഓരോ പ്രദേശത്തും പരിശോധന തുടരുകയാണ്.

ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളെ ആറ് മേഖലകളാക്കി വേർതിരിച്ചാണ് ഇന്ന് തിരച്ചില്‍ നടത്തുന്നത്. അട്ടമല – ആറൻമല എന്നിവടങ്ങളാണ് ആദ്യ സോണിലുള്ളത്. മുണ്ടക്കൈയും പുഞ്ചിരിമട്ടവും രണ്ടും മൂന്നും സോണുകളിലാണ്. നാലാം സോണ്‍ വെള്ളാർമല വില്ലേജ് റോഡാണ്. ജി വി എച്ച്‌ എസ് എസ് വെള്ളാർമലയാണ് അഞ്ചാം സോണ്‍. ചൂരല്‍മലയുടെ അടിവാരമാണ് ആറാം സോണ്‍. ചൂരല്‍മലയില്‍ കനത്ത മഴയാണ്. ഇത് രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയാകുന്നുണ്ട്. തിരച്ചിലില്‍ പൊലീസ്, സൈന്യം, എൻഡിആർഫ്, കോസ്റ്റ്ഗാർഡ്, വനം നേവി സംഘങ്ങളും നാട്ടുകാരും പങ്കെടുക്കും. നാല് കഡാവർ നായകളെക്കൂടി എത്തിക്കും.

ചാലിയാർ കേന്ദ്രീകരിച്ച്‌ ഒരേസമയം മൂന്ന് രീതിയില്‍ തിരച്ചില്‍ നടത്തും. 40 കിലോമീറ്ററില്‍, ചാലിയാറിന്റെ പരിധിയില്‍ വരുന്ന എട്ട് പൊലീസ് സ്റ്റേഷന്റെ പുഴഭാഗങ്ങളില്‍ പൊലീസും നീന്തല്‍ വിദഗ്ധരായ നാട്ടുകാരും തിരച്ചില്‍ നടത്തും. പൊലീസ് ഹെലികോപ്റ്റർ ഉപയോഗിച്ച്‌ സമാന്തരമായി മറ്റൊരു തിരച്ചിലുണ്ടാകും. കോസ്റ്റ് ഗാർഡും നേവിയും വനംവകുപ്പും ചേർന്ന് പുഴയുടെ വശങ്ങളിലും മൃതദേഹങ്ങള്‍ തങ്ങാൻ സാധ്യതയുള്ള ഇടങ്ങളും കേന്ദ്രീകരിച്ച്‌ തിരയും.

Leave a Reply

Your email address will not be published. Required fields are marked *