നാടൻ ആക്ഷൻ ത്രില്ലറുമായി ചിയാൻ വിക്രം; ‘വീര ധീര സുരൻ’ ടീസര്‍ പുറത്ത്

തെന്നിന്ത്യൻ സൂപ്പർ താരം ചിയാൻ വിക്രം നായകനായി എത്തുന്ന വീര ധീര സൂരൻ ടീസർ പുറത്ത് . പ്രഖ്യാപനം മുതല്‍ ഏറെ ചർച്ചയാകുന്ന ചിത്രംകൂടിയാണിത്.

ചിത്തയ്ക്ക് ശേഷം എസ് യു അരുണ്‍കുമാർ സംവിധാനം ചെയ്യുന്ന സിനിമയാണിത് . ചിത്രത്തിന്റെ തിയേറ്റർ അവകാശം സംബന്ധിച്ച വിശേഷങ്ങള്‍ക്കൊപ്പമാണ് ടീസർ പുറത്തുവിട്ടത്. വിക്രം അവതരിപ്പിക്കുന്ന കഥാപാത്രത്തോട് നിങ്ങള്‍ എത്ര കുറ്റം ചെയ്തു എന്ന് ചോദിക്കുന്നതും അതിന് ചിയാൻ വിരലുകള്‍ കൊണ്ട് എണ്ണുന്നതുമാണ് ടീസറിലുള്ളത്.
ഒരു നാടൻ ആക്ഷൻ ത്രില്ലറാകും വീര ധീര സൂരൻ എന്നാണ് സൂചന. ചെന്നൈയിലെ തിരുവള്ളൂർ ജില്ലയിലെ തിരുട്ടണി എന്ന ചെറുപട്ടണത്തില്‍ ആണ് കഥ നടക്കുന്നത്. മധ്യവയസ്കനായാണ് ചിയാൻ ചിത്രത്തില്‍ അഭിനയിക്കുന്നത്. എസ് ജെ സൂര്യയും, സുരാജ് വെഞ്ഞാറമൂടും സിനിമയുടെ ഭാഗമാണ്. സുരാജിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ഇത്.

തെന്നിന്ത്യയിലെ പ്രശസ്ത ഛായാഗ്രാഹകൻ തേനി ഈശ്വറായിരിക്കും സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുക. പേരൻപ്, കർണ്ണൻ, മാമന്നൻ തുടങ്ങിയ തമിഴ് ചിത്രങ്ങളുടെയും പുഴു, നൻപകല്‍ നേരത്ത് മയക്കം, ഓസ്ലർ തുടങ്ങിയ മലയാള സിനിമകളുടെയും ഛായാഗ്രഹണം നിർവഹിച്ചത് തേനി ഈശ്വറായിരുന്നു. ദുഷാര വിജയനാണ് സിനിമയില്‍ നായികാ വേഷത്തിലെത്തുന്നത്. ജി വി പ്രകാശ് കുമാർ ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. എച്ച്‌ ആർ പിക്ചേഴ്ചിന്റെ ബാനറില്‍ റിയ ഷിബു ആണ് നിർമ്മാണം.

Leave a Reply

Your email address will not be published. Required fields are marked *