നാട്ടികയില്‍ മദ്യപിച്ച് ലോറി ഓടിച്ച് അഞ്ചുപേർ മരിക്കാനിടയാക്കിയ അപകടത്തില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി കെ.ബി.
ഗണേഷ്കുമാര്‍. മദ്യലഹരിയിലാണ് ക്ലീനർ വണ്ടി ഓടിച്ചതെന്നും ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
വാഹനത്തിന്‍റെ രജിസ്ട്രേഷനും സസ്പെൻഡ് ചെയ്യും. നാട്ടിക അപകടം ദൗർഭാഗ്യകരമായ സംഭവമാണെന്നും മന്ത്രി പറഞ്ഞു. ലൈസൻസ് ഇല്ലാതെ വണ്ടിയോടിച്ച ആള്‍ക്കെതിരേ നിയമപരമായി ചെയ്യാവുന്നത് അങ്ങേയറ്റം ചെയ്യും.
മനഃപൂർവമായ നരഹത്യ ഗൗരവത്തിലെടുക്കും.അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും സഹായം നല്‍കുന്നത് മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
അതേസമയം, ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തില്‍ രാത്രി പരിശോധന കർശനമാക്കുമെന്നും മന്ത്രി പറഞ്ഞു. മദ്യപിച്ച് വണ്ടിയോടിച്ചാലും ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാലും കർശന നടപടി ഉണ്ടാകും.
ട്രക്കുകള്‍ ഓടിക്കുന്നവരെ കേന്ദ്രീകരിച്ചും ലൈൻ ട്രാഫിക് ലംഘിക്കുന്നതും പരിശോധിക്കും. റോഡരികില്‍ ആളുകള്‍ കിടക്കുന്നുണ്ടെങ്കില്‍ അവരെ മാറ്റാനും പോലീസിനോട് അഭ്യർഥിക്കുമെന്നും മന്ത്രി ഗണേഷ് കുമാർ പറഞ്ഞു.