നാട്ടികയിലെ അപകടം ദാരുണമായ സംഭവമെന്ന് മന്ത്രി കെ രാജൻ. പ്രഥമ ദൃഷ്ടിയില് ഗുരുതരമായ നിയമലംഘനമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
പിടിയിലായ ഡ്രൈവർക്കും, ക്ലീനർക്കുമെതിരെ മനപൂർവ്വമായ നരഹത്യക്ക് കേസെടുത്തതായും അദ്ദേഹം അറിയിച്ചു. വഴിയരികില്‍ കിടന്നുറങ്ങിയ നാടോടികളുടെ ശരീരത്തിലൂടെ തടി കയറ്റിയ ലോറി കയറിയിറങ്ങി 5 പേർ മരിച്ച സംഭവത്തില്‍ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വളരെ പെട്ടന്ന് ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കും. മരണപ്പെട്ടവരുടെ മൃതദ്ദേഹം സർക്കാർ തന്നെ അവരുടെ വീട്ടില്‍ എത്തിക്കുമെന്നും കെ രാജൻ വ്യക്തമാക്കി. പരിക്കേറ്റവർക്ക് ചികിത്സയടക്കം എല്ലാ പിന്തുണയും നല്‍കും. തുടർ ചികിത്സയ്ക്ക് സർക്കാർ സഹായം നല്‍കും. തൃശൂർ ജില്ലാ കളക്ടറെ ഇതിനായി ചുമതലപ്പെടുത്തിയെന്നും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുലർച്ചെ 4 മണിക്കായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. വാഹനത്തില്‍ ഡ്രൈവറും ക്ലീനറും മദ്യലഹരിയിലായിരുന്നു. സംഭവത്തില്‍ ക്ലീനറായ അലക്സിനെയും ഡ്രൈവറെയും പൊലീസ് പിടികൂടിയിരുന്നു. അലക്സായിരുന്നു ലോറി ഓടിച്ചത്. ഇയാള്‍ക്ക് ലൈസൻസ് ഇല്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.