നമ്മ മെട്രോ ഗ്രീൻ ലൈനിന്റെ ഭാഗമായ നാഗസാന്ദ്ര-മാധവാര മെട്രോ ലൈൻ വ്യാഴാഴ്ച തുറക്കുമെന്ന് ബി.എം.ആർ.സി.എല്‍ അറിയിച്ചു.
മഞ്ജുനാഥ് നഗർ, ചിക്കബിദരക്കല്ല്, മാധവാര എന്നിവിടങ്ങളിലെ മൂന്ന് എലിവേറ്റഡ് സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്നതാണ് 298.65 കോടി രൂപ ചെലവില്‍ നിർമിച്ച നാഗസാന്ദ്ര-മാധവാര ലൈൻ. തുമകൂരു റോഡിലെ ബംഗളൂരു ഇന്റർനാഷനല്‍ എക്സിബിഷൻ സെന്ററിലെത്താൻ പുതിയ പാത സഹായിക്കും. ഗ്രീൻ ലൈനില്‍ നിലവില്‍ നാഗസാന്ദ്ര വരെയുള്ള പാത മാധവാരയിലേക്ക് നീട്ടുന്നതാണ് പുതിയ പാത. മെട്രോ പാത മാധവാരയിലേക്ക് നീട്ടുമ്ബോള്‍ നെലമംഗല ഭാഗത്തുള്ളവർക്കും ബംഗളൂരു ഇന്റർനാഷനല്‍ എക്സ്ബിഷൻ സെന്ററിലേക്ക് പോകുന്നവർക്കും പാത പ്രയോജനപ്പെടും.
സിംപ്ലക്സ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡിന് 298.65 കോടി രൂപയുടെ സിവില്‍ വർക്ക് കരാർ 2017 ഫെബ്രുവരിയില്‍ 27 മാസത്തെ സമയപരിധിയോടെ നല്‍കിയിരുന്നുവെങ്കിലും പദ്ധതി പൂർത്തിയാവാൻ കൂടുതല്‍ സമയമെടുത്തു.കഴിഞ്ഞ മാസം നാലിന് മെട്രോ റെയില്‍വേ സുരക്ഷ കമീഷണറുടെ (സതേണ്‍ സർക്ക്ള്‍) സുരക്ഷ ക്ലിയറൻസ് ലഭിച്ചെങ്കിലും സർക്കാർ അനുമതിയില്ലാത്തതിനാല്‍ ഔപചാരിക ഉദ്ഘാടനം വൈകുകയായിരുന്നു.