നവീൻ ബാബുവിന് കൈക്കൂലി കൊടുത്തതിന് തെളിവില്ലെന്ന് വിജിലൻസ് : റിപ്പോര്‍ട്ട് അടുത്തയാഴ്ച സമര്‍പ്പിക്കും

 കണ്ണൂ‍ർ എഡിഎം ആയിരുന്ന നവീൻ ബാബുവിന് കൈക്കൂലി കൊടുത്തതിന് തെളിവില്ലെന്ന് വിജിലൻസ്. കൈക്കൂലി നല്‍കിയെന്ന പ്രശാന്തന്റെ ആരോപണം സാധൂകരിക്കുന്ന ഒരു തെളിവും അന്വേഷണത്തില്‍ കണ്ടെത്താൻ സാധിച്ചിട്ടില്ല.

കൂടാതെ സാഹചര്യ തെളിവുകളോ ഡിജിറ്റല്‍ തെളിവുകളോ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇത് സംബന്ധിച്ച റിപ്പോർട്ട് വിജിലൻസ് അടുത്തയാഴ്ച സമർപ്പിക്കും. മൊഴിക്കപ്പുറം തെളിവ് ഹാജരാക്കാൻ പരാതിക്കാരനായ പ്രശാന്തന് കഴിഞ്ഞില്ല. കോഴിക്കോട് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്പിയാണ് സംഭവത്തില്‍ അന്വേഷണം നടത്തിയത്. റിപ്പോർട്ട് തയ്യാറാക്കുന്നതേയുള്ളൂ എന്ന് വിജിലൻസ് വ്യക്തമാക്കി.

അതേ സമയം എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് നേരത്തെ റവന്യൂ വകുപ്പ് റിപ്പോർ‌ട്ട് നല്‍കിയിരുന്നു. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിനും പമ്ബിന് അനുമതി വൈകിപ്പിച്ചതിനും തെളിവ് ഇല്ലെന്നും റവന്യു വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞുവെന്ന കളക്ടറുടെ മൊഴിയും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ എന്ത് ഉദ്ദേശിച്ചാണ് ഇത് പറഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നില്ല. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് റവന്യൂ മന്ത്രി കെ രാജനാണ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.

ഇതിനു പുറമെ തനിക്ക് മുന്നില്‍ വരുന്ന ഫയലുകള്‍ വൈകിപ്പിച്ചിരുന്ന ആളല്ല നവീന്‍ ബാബുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ക്രമവിരുദ്ധമായി നവീന്‍ ബാബു ഒന്നും ചെയ്തിട്ടില്ല. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവ് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നായിരുന്നു റിപ്പോർട്ടില്‍ പറഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *