നവീൻ ബാബുവിന്റെ മരണം; റവന്യു വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിടാനാകില്ലെന്ന് പിണറായി സര്‍ക്കാര്‍

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തില്‍ റവന്യു വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത് വിടാനാകില്ലെന്ന് പിണറായി സർക്കാർ.

ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ടിലെ വിവരങ്ങള്‍ പുറത്തുവിട്ടാല്‍ അത് പൊലീസ് അന്വേഷണത്തെ ബാധിക്കുമെന്നാണ് സർക്കാരിന്റെവാദം. മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് റിപ്പോർട്ട് പുറത്തുവിടാനാകില്ലെന്ന വിവരം അറിയിച്ചത്.

ഒക്ടോബർ 15നാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ അവഹേളനത്തില്‍ മനംനൊന്ത് നവീൻ ബാബു ജീവനൊടുക്കിയത്. യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിക്കാതെ എത്തിയ ഇവർ നവീൻ ബാബുവിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായിട്ടാണ് ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ എ ഗീതയെ റവന്യു വകുപ്പ് നിയോഗിച്ചത്.

ജീവനക്കാരുടേയും ചടങ്ങില്‍ പങ്കെടുത്തവരുടേയും മൊഴി ശേഖരിച്ചാണ് ഗീത സമഗ്ര റിപ്പോർട്ട് തയ്യാറാക്കിയത്. നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണങ്ങളില്‍ തെളിവുകളില്ലെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നുണ്ട്. നിശ്ചിത സമയത്തില്‍ തന്നെ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും അത് പുറത്ത് വിടില്ലെന്നാണ് സർക്കാർ ആവർത്തിക്കുന്നത്. വിവരാവകാശ നിയമപ്രകാരവും ഈ റിപ്പോർട്ട് പുറത്ത് വിടില്ലെന്ന് സർക്കാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *