എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്കിയ ഹര്‍ജിയില്‍ തുടര്‍ നടപടിക്രമങ്ങളുടെ ഭാഗമായി ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് തേടിയേക്കും. നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണോയെന്ന് സംശയമുണ്ടെന്നാണ് കുടുംബത്തിന്റെ നിലപാട്. നവീന്‍ ബാബുവിനെ ആരെങ്കിലും കെട്ടിത്തൂക്കി കൊന്നതാണോ എന്ന സാധ്യത പരിശോധിച്ചില്ലായെന്നും യാത്രയയപ്പ് ചടങ്ങിന് ശേഷം ചിലര്‍ നവീന്‍ ബാബുവിനെ കണ്ടിരുന്നു എന്നുമാണ് ഹര്‍ജിയില്‍ കുടുംബം ചൂണ്ടിക്കാണിക്കുന്നത്.
നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച വസ്തുതകള്‍ പുറത്തുകൊണ്ടുവരാനായില്ലായെന്നും കുടുംബം എത്തുന്നതിന് മുന്‍പ് പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് സമയത്ത് ബന്ധുക്കളുടെ സാന്നിധ്യം അനിവാര്യമായിരുന്നു, എന്നാല്‍ അതുണ്ടായില്ല. കേസില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ല. പിപി ദിവ്യയ്ക്ക് ഭരണകക്ഷിയായ സിപിഐഎമ്മിന്റെ പിന്തുണയുണ്ട്. ഈ സാഹചര്യത്തില്‍ നീതി ലഭിക്കാന്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണ് എന്നുമാണ് നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ വാദം.