നവവധുവിന് ഭര്‍ത്താവിൻ്റെ ക്രൂരപീഡനം, സൗന്ദര്യമില്ലെന്ന് പറഞ്ഞും ഉപദ്രവം; കേള്‍വിശക്തി തകരാറിലായി

നവവധുവിന് ഭർത്താവിൻ്റെ ക്രൂരപീഡനമെന്ന് പരാതി. മലപ്പുറം വേങ്ങര സ്വദേശിയായ മുഹമ്മദ് ഫായിസിനെതിരേയാണ് ഭാര്യ പോലീസിനെ സമീപിച്ചത്.സംശയത്തിന്റെ പേരിലും സൗന്ദ്യര്യം കുറവാണെന്ന് ആരോപിച്ചും സ്ത്രീധനത്തെച്ചൊല്ലിയും മുഹമ്മദ് ഫായിസ് നിരന്തരം മർദിച്ചെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം. സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് ഇതുവരെ പ്രതിയെ പിടികൂടിയിട്ടില്ലെന്നും പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു.മെയ് രണ്ടാം തീയതിയാണ് പരാതിക്കാരിയും മുഹമ്മദ് ഫായിസും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ആറാംനാള്‍ മുതല്‍ ഫായിസ് ഉപദ്രവം ആരംഭിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. നവവധുവിന്റെ വീട്ടില്‍ വിരുന്നിന് പോയി മടങ്ങിയെത്തിയശേഷമാണ് ഉപദ്രവം തുടങ്ങിയത്. എല്ലാകാര്യങ്ങളിലും പ്രതിക്ക് സംശയമായിരുന്നു. നവവധുവിനൊപ്പം പഠിക്കുന്നവരെയും സുഹൃത്തുക്കളായ പെണ്‍കുട്ടികളെപ്പോലും സംശയത്തോടെയാണ് കണ്ടത്. ആണ്‍സുഹൃത്തുണ്ടെന്ന് പറഞ്ഞും ഇയാള്‍ ഭാര്യയെ മർദിച്ചു. ഭാര്യയ്ക്ക് സൗന്ദര്യമില്ലെന്ന് പറഞ്ഞും തനിക്ക് നല്‍കിയ സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞും പ്രതി മർദനം തുടർന്നതായും പരാതിയിലുണ്ട്.വിവാഹത്തിന് നല്‍കിയ സ്വർണം 25 പവൻ പോലും ഇല്ലെന്ന് പറഞ്ഞാണ് ഉപദ്രവിച്ചത്. മൊബൈല്‍ഫോണ്‍ ചാർജറിന്റെ കേബിള്‍ അടക്കം ഉപയോഗിച്ച്‌ ആക്രമിച്ചു. കൈകാലുകളിലും അടിയേറ്റു. ഒരിക്കല്‍ ചെവിക്ക് അടിയേറ്റതിന് പിന്നാലെ കേള്‍വിശക്തി തകരാറിലായെന്നും നവവധുവിന്റെ പരാതിയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *