നവകേരള സദസിനിടെ ഡി.വൈ.എഫ്.ഐക്കാര്‍ നടത്തിയത് രക്ഷാപ്രവര്‍ത്തനം തന്നെ; നിലപാട് മാറ്റില്ലെന്ന് മുഖ്യമന്ത്രി

എസ്.എഫ്.ഐക്ക് വേണ്ടി പ്രവർത്തിച്ചതിനാല്‍ സംസ്ഥാനത്ത് 35 വിദ്യാർഥികള്‍ കൊല്ലപ്പെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കെ.എസ്.യുവിന് അത്തരമൊരു ചരിത്രം പറയാനുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. കേരള യൂനിവേഴ്സിറ്റി കാമ്ബസിലെ ആക്രമത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

പ്രതിപക്ഷത്തിന് വേണ്ടി മാധ്യമങ്ങള്‍ ബഹളം വെച്ചത് കൊണ്ട് വസ്തുത വസ്തുതയല്ലാതാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എ.കെ.ജി സെൻറർ ആക്രമണമുണ്ടായപ്പോള്‍ എന്തൊക്കെയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതികരണം. ഒടുവില്‍ കോണ്‍ഗ്രസിന് വേണ്ടപ്പെട്ടവരല്ലേ പിടിയിലായത്. ധീരജിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്ക് പിന്തുണ നല്‍കുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവകേരള സദസ്സിനിടെ ഡി.വൈ.എഫ്.ഐക്കാർ നടത്തിയത് രക്ഷാപ്രവർത്തനം തന്നെയാണ്. വാഹനത്തിന് മുന്നില്‍ ചാടുന്നവരെ പിടിച്ചുമാറ്റുന്നത് രക്ഷാപ്രവർത്തനമല്ലാതെ മറ്റെന്താണ്. ഈ നിലപാട് താൻ അന്ന് തന്നെ സ്വീകരിച്ചിരുന്നു. ഇന്നും സ്വീകരിക്കും നാളെയും അത് തന്നെ പറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയനാട് രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ ഗാന്ധി ചിത്രം തകർത്തതാരാണെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇടിമുറികളിലൂടെ വളർന്നു വന്ന പ്രസ്ഥാനമല്ല എസ്.എഫ്.ഐയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *