നയിക്കാൻ സഞ്‌ജു ; ഗംഭീരമാക്കാൻ ജോസഫ്‌

കൊച്ചി സന്തോഷ് ട്രോഫിയില്‍ കേരളത്തെ നയിക്കാൻ ജി സഞ്ജു. അശോകപുരം നൊച്ചിമ സ്വദേശിയായ ക്യാപ്റ്റനൊപ്പം കേരളത്തിനായി പ്രതിരോധകോട്ട കെട്ടാൻ കുമ്ബളം സ്വദേശി ജോസഫ് ജസ്റ്റിനുമുണ്ട്.

ജില്ലയില്‍നിന്ന് സഞ്ജുവും ജോസഫുമാണ് ഇത്തവണ സന്തോഷ് ട്രോഫി ടീമില്‍ ഇടംനേടിയത്. സഞ്ജുവിന്റെ അഞ്ചാമത് സന്തോഷ് ട്രോഫിയാണെങ്കില്‍ ജോസഫിന്റേത് അരങ്ങേറ്റം.

‘‘ക്യാപ്റ്റൻസി പ്രതീക്ഷിച്ചിരുന്നില്ല. വലിയ ഉത്തരവാദിത്വമാണിത്. നമ്മുടേത് നല്ല സ്ക്വാഡാണ്. എല്ലാവരും മികച്ച കളിക്കാരാണ്; നല്ല അനുഭവസമ്ബത്തുള്ളവരുമുണ്ട്. എല്ലാവരും നല്ല ആത്മവിശ്വാസത്തിലാണ്. കപ്പടിക്കണം. ഇത്തവണ ആദ്യറൗണ്ടില്‍ത്തന്നെ കളി കടുപ്പമായിരിക്കും. റെയില്‍വേസടക്കം എതിരാളികളായുണ്ട്. എന്നാല്‍, നല്ലരീതിയില്‍ കളിച്ച്‌ അവരെ മറികടക്കാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ്’’ –-സഞ്ജു പറഞ്ഞു. കഴിഞ്ഞതവണ ഉപനായകനായിരുന്നു. ക്യാപ്റ്റൻ നിജോ ഗില്‍ബർട്ടിന് പരിക്കുപറ്റിയപ്പോള്‍ നായകനുമായി. ആലുവ സോക്കർ സെവൻസ് ക്ലബ്ബില്‍നിന്നാണ് തുടക്കം. തുടർന്ന് ഗോകുലത്തില്‍. അവിടെനിന്ന് കേരള പൊലീസില്‍. അത്ലീറ്റായിരുന്ന സഞ്ജുവിനെ ഫുട്ബോള്‍ താരമാക്കിയതിനുപിന്നില്‍ ആലുവ സോക്കർ സെവൻസ് മാനേജർ നാസറാണ്. ചേട്ടൻ സച്ചിൻ സഞ്ജുവിന് എല്ലാവിധ പിന്തുണയുമായി ഒപ്പംനിന്നു. സഞ്ജു കോളേജില്‍ പഠിക്കുമ്ബോള്‍ അച്ഛൻ ഗണേശ് മരിച്ചു. ഷീബയാണ് അമ്മ. ഭാര്യ: ജോഷ്നി. സഹോദരി: കാർത്തിക.

സന്തോഷ് ട്രോഫി ടീമില്‍ ഇടംപിടിച്ചതിന്റെ ത്രില്ലിലാണ് കുമ്ബളം സ്വദേശി ജോസഫ് ജസ്റ്റിൻ. ‘‘ആദ്യമായാണ് ടീമില്‍. ഉഷാറാക്കണം. ടെൻഷനൊന്നും ഇല്ല. കോച്ച്‌ പറയുന്ന തന്ത്രങ്ങള്‍ കളത്തില്‍ നടപ്പാക്കണം, നന്നായി കളിക്കണം’’ -ജോസഫ് പറഞ്ഞു. സാലുവെന്നാണ് വീട്ടുകാർ ജോസഫിനെ വിളിക്കുന്നത്.

‘‘ഫുട്ബോള്‍ കളിക്കാരനായിരുന്ന ചേട്ടൻ തോമസ് ജസ്റ്റിനാണ് എന്നെ കളിയില്‍ എത്തിച്ചത്. പരിശീലനത്തിന് പോകുമ്ബോള്‍ ഞാനും കൂടെപ്പോകും. അങ്ങനെയാണ് തേവര എസ്‌എച്ചിലെ രവീന്ദ്രൻ സാറിന്റെ കണ്ണില്‍പ്പെടുന്നത്. സാറാണ് എന്നെ ഫുട്ബോള്‍ പഠിപ്പിച്ചത്. ചേട്ടൻ നിരവധി ടൂർണമെന്റുകള്‍ കളിച്ചിട്ടുണ്ട്. കളിക്കിടെ പരിക്കുപറ്റിയതോടെ കളംവിട്ടു. ചേട്ടന്റെയും അമ്മയുടെയും വലിയ ആഗ്രഹമായിരുന്നു എന്നെ കളിക്കാരനാക്കണമെന്ന്. അമ്മ പഠിക്കുമ്ബോള്‍ അത്ലീറ്റായിരുന്നു’’–-ജോസഫ് പറഞ്ഞു. നിലവില്‍ ഈസ്റ്റ് ബംഗാളിന്റെ താരമാണ്. 2026 വരെ ഈസ്റ്റ് ബംഗാളുമായി കരാറുണ്ട്. തൃശൂർ സെന്റ് തോമസ് കോളേജില്‍ മൂന്നാംവർഷ ബിരുദവിദ്യാർഥിയാണ്. അമ്മ ആഗ്നസ് ഹരിതകർമസേനാംഗവും അച്ഛൻ ജസ്റ്റിൻ മരപ്പണിക്കാരനുമാണ്. ചേട്ടൻ സ്വകാര്യ കമ്ബനിയുടെ ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *