നടി ഗൗതമിയുടെ 25 കോടിയോളം രൂപയുടെ സ്വത്ത് തട്ടിയെടുത്തു; മുൻ മാനേജര്‍ വീണ്ടും അറസ്റ്റില്‍

പവർ ഓഫ് അറ്റോർണി ഉപയോഗിച്ച്‌ നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത മുൻമാനേജർ അഴകപ്പൻ(64) വീണ്ടും അറസ്റ്റില്‍.

ഗൗതമിയുടെയും സഹോദരൻ ശ്രീകാന്തിന്റെയും പേരിലുള്ള 25 കോടിയോളംരൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ തട്ടിയെടുത്ത കേസില്‍ കഴിഞ്ഞ ഡിസംബറില്‍ ചെന്നൈ പോലീസ് അഴകപ്പനെ കേരളത്തില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങിയതായിരുന്നു. ശ്രീപെരുംപുദൂരിലുള്ള സ്വത്ത് തട്ടിയെടുത്തതിന്റെപേരിലുള്ള പുതിയ കേസില്‍ കാഞ്ചീപുരം പോലീസാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

19 വർഷംമുൻപ് സ്തനാർബുദം ബാധിച്ചതിനെത്തുടർന്ന് ചികിത്സയിലിരിക്കുമ്ബോഴാണ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനായി അഴകപ്പന്റെ പേരില്‍ ഗൗതമി പവർ ഓഫ് അറ്റോർണി നല്‍കിയത്. തുടർന്ന് ഗൗതമിയുടെയും സഹോദരന്റെയും പേരിലുള്ള പലയിടങ്ങളിലെ സ്ഥലം വില്‍ക്കുകയും ഇതില്‍നിന്ന് ലഭിച്ച പണമുപയോഗിച്ച്‌ അഴകപ്പൻ തന്റെ കുടുംബാംഗങ്ങളുടെപേരില്‍ സ്ഥലം വാങ്ങുകയുമായിരുന്നു. ചില വില്‍പ്പനകളില്‍ പണത്തട്ടിപ്പും നടത്തി.ഗൗതമിയുടെ പരാതിയെത്തുടർന്ന് കേസെടുത്ത ചെന്നൈ പോലീസ് കഴിഞ്ഞവർഷം കേരളത്തില്‍നിന്നാണ് അഴകപ്പനെയും ഭാര്യയെയുമടക്കം ആറുപേരെ അറസ്റ്റ് ചെയ്തത്.

കുന്ദംകുളത്ത് ഒളിവില്‍ താമസിക്കുകയായിരുന്നു ഇവർ. പിന്നീട് ഇവർ ജാമ്യത്തില്‍ പുറത്തിറങ്ങിയതോടെ സ്ഥലം നഷ്ടമായ കാഞ്ചീപുരം, തിരുവണ്ണാമലൈ, രാമനാഥപുരം എന്നിവിടങ്ങളില്‍ ഗൗതമി പരാതി നല്‍കി. ഇതില്‍ കാഞ്ചീപുരം ക്രൈംബ്രാഞ്ച് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോള്‍ വേളാച്ചേരിയിലുള്ള വീട്ടില്‍നിന്ന് അഴകപ്പൻ പിടിയിലായത്. ഇതേ കേസില്‍ ഇയാളുടെ കൂട്ടാളി ബാലരാമൻ നേരത്തേ അറസ്റ്റിലായിട്ടുണ്ട്.

ബി.ജെ.പി.യിലായിരുന്ന ഗൗതമി പാർട്ടിവിടാനുള്ള പ്രധാനകാരണവും ഈ സ്വത്ത് തട്ടിപ്പ് കേസായിരുന്നു. അഴകപ്പനെ ചില ബി.ജെ.പി. നേതാക്കള്‍ സഹായിച്ചെന്ന് ഗൗതമി ആരോപിച്ചിരുന്നു. കേരളത്തില്‍ ഒളിവില്‍ താമസിച്ചതുപോലും ഇവരുടെ സഹായത്തിലായിരുന്നെന്നാണ് ആരോപണം. ബി.ജെ.പി. വിട്ട ഗൗതമി നിലവില്‍ അണ്ണാ ഡി.എം.കെ.യിലാണ്

Leave a Reply

Your email address will not be published. Required fields are marked *