നടിയെ ആക്രമിച്ച കേസ്; അന്തിമ വാദം തുറന്ന കോടതിയില്‍ നടത്തണമെന്ന് അതിജീവിത

നടിയെ ആക്രമിച്ച കേസിന്റെ അന്തിമ വാദം തുറന്ന കോടതിയില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് അതിജീവിത. ഇത് സംബന്ധിച്ച്‌ അതിജീവിത വിചാരണ കോടതിയില്‍ ഹർജി നല്‍കി.

വിചാരണയുമായി ബന്ധപ്പെട്ട് തനിക്കെതിരെ തെറ്റായ കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. വിചാരണയുടെ യഥാർത്ഥ വശങ്ങള്‍ പുറത്തുവരാൻ തുറന്ന കോടതിയില്‍ അന്തിമ വാദം നടത്തണമെന്നാണ് അതിജീവിത ഹർജിയില്‍ ആവശ്യമുന്നയിച്ചിരിക്കുന്നത്. ഹർജി എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി ഇന്ന് പരിഗണിച്ചേക്കും.

പ്രതിയായ നടൻ ദിലീപിനെതിരെ തെളിവില്ലെന്ന മുൻ ഡി ജി പി ആർ ശ്രീലേഖയുടെ പ്രസ്താവനയ്ക്കെതിരെ അതിജീവിത വിചാരണക്കോടതിയില്‍ കോടതിയലക്ഷ്യ ഹർജി നല്‍കിയിരുന്നു. കൂടാതെ നീതി തേടി രാഷ്‌ട്രപതിക്കും അതിജീവിത കത്തയച്ചിരുന്നു. തന്നെ ആക്രമിച്ച്‌ പകർത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാർഡ് ചട്ടവിരുദ്ധമായി തുറന്ന് പരിശോധിച്ച സംഭവത്തില്‍ ഹൈക്കോടതിയും സുപ്രീം കോടതിയും നടപടി സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ് അതീജീവിത നീതിതേടി രാഷ്‌ട്രപതിക്ക് കത്തയച്ചിരിക്കുന്നത്.

കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്നുതവണ ഈ മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചുവെന്ന് ശാസ്ത്രീയ പരിശോധനയില്‍ ഉള്‍പ്പെടെ തെളിഞ്ഞിരുന്നു. ഈ കുറ്റകൃത്യം ചെയ്‌ത ആളുകളെ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനും സുപ്രീം കോടതിയെയും സമീപിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നാണ് പരാതിയില്‍ പറയുന്നത്.

മെമ്മറി കാർഡ് പരിശോധിച്ച ആളുകളെ കണ്ടെത്തേണ്ടതും നടപടിയെടുക്കേണ്ടതും കോടതികളാണ്. എന്നാല്‍, ഇവരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ജുഡീഷ്യറിയുടെ മേല്‍ ഭരണപരമായ ഒരു നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഇപ്പോള്‍ രാഷ്‌ട്രപതിക്ക് കത്ത് നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *