നടിയുടെ പരാതിയില്‍ ജയസൂര്യക്കെതിരെ കേസെടുത്തു

നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയില്‍ നടന്‍ ജയസൂര്യക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ജയസൂര്യക്ക് എതിരെ കേസെടുത്തത്.

സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവച്ച്‌ കടന്നുപിടിച്ച്‌ ലൈംഗികമായി അതിക്രമം നടത്തിയതിന് ഐ പി സി 354, 354 A, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രിത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്.

കൊച്ചി സ്വദേശിയായ നടിയുടെ 7 പരാതികളില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ കേസാണ് ഇത്. നടിയുടെ മൊഴി ഇന്നലെ പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജയസൂര്യക്കെതിരെ കേസെടുത്തത്. നടിയുടെ ആലുവയിലെ വീട്ടിലെത്തിയാണ് പ്രത്യേകാന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട ഡി ഐ ജി അജിതാ ബീഗവും ജി പൂങ്കുഴലിയുമടക്കമുള്ളവരുടെ നേതൃത്വത്തില്‍ മൊഴിയെടുത്തത്.

ലൈംഗികാതിക്രമം നേരിട്ടെന്ന നടിയുടെ പരാതിയില്‍ ജയസൂര്യക്കെതിരെ കേസെടുത്തതിന് പിന്നാലെ മുകേഷ്, ഇടവേള ബാബു, മണിയന്‍ പിള്ള രാജു എന്നിവരടക്കമുള്ളവക്കെതിരെയും പൊലീസ് ഉടന്‍ കേസെടുത്തേക്കും.

Leave a Reply

Your email address will not be published. Required fields are marked *