കണ്ടല്‍ക്കാടുകള്‍ വെട്ടി തണ്ണീർത്തടം നികത്തുമ്ബോള്‍ റവന്യൂ അധികൃതർക്ക് മൗനം. ചെലപ്രം കല്ലുപുറത്ത് താഴത്ത് അതിലോല പ്രദേശത്താണ് മത്സ്യസമ്ബത്തുകള്‍ക്കും കണ്ടല്‍ക്കാടിനും ഭീഷണിയായി മണ്ണ് നികത്തുന്നത്.
വില്ലേജ് അധികൃതരുടെ പൂർണ സഹകരണത്തോടെയാണ് മണ്ണ് നികത്തുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
മണ്ണ് നികത്തുമ്ബോള്‍ അന്നത്തെ വില്ലേജ് ഓഫിസർക്ക് പരാതി നല്‍കിയിരുന്നതാണ്. സ്റ്റോപ് മെമ്മോ നല്‍കിയിട്ടുണ്ടെന്നാണ് അന്ന് വില്ലേജ് ഓഫിസർ അറിയിച്ചതത്രെ. അതിനുശേഷവും നിരവധി ലോഡ് മണ്ണ് ഇറക്കിയിട്ടുണ്ട്. ചെലപ്രം ജുമുഅത്ത് പള്ളിക്ക് മുൻവശത്തെ തണ്ണീർത്തടം നികത്തിയതിനെതിരെ നടപടിയൊന്നുമില്ലെന്ന ധൈര്യത്തില്‍ സ്വകാര്യ വ്യക്തി ചെലപ്രം പാലത്തിനു സമീപത്തെ കണ്ടല്‍ നശിപ്പിച്ച് മണ്ണ് നികത്തുകയാണ്.
നികത്തലിനുപിന്നില്‍ മണ്ണ് ലോബിയാണ് രംഗത്ത്. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ഇൗ ഭാഗം തരംമാറ്റലിന് അപേക്ഷ നല്‍കിയതായാണ് വിവരം. വില്ലേജ് അധികൃതരുടെ ഒത്താശയോടെയാണ് തരംമാറ്റലെന്നാണ് ആക്ഷേപം. തരംമാറ്റിയാലും പരാതിയുണ്ടെങ്കില്‍ പുനഃപരിശോധിച്ച് നടപടി എടുക്കാൻ കഴിയുമെന്നാണ് ഡെപ്യൂട്ടി കലക്ടർ അറിയിച്ചത്. പ്രദേശത്തെ പ്രമുഖ രാഷ്ട്രീയപാർട്ടികളും സംഘടനകളും പാരിസ്ഥിതികാഘാതമുണ്ടാക്കുന്ന മണ്ണു നികത്തലിനെതിരെ മൗനം പാലിക്കുന്നതും ചർച്ചാവിഷയമായിട്ടുണ്ട്. മണ്ണ് നികത്തല്‍ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും മുമ്ബ് അനുവാദം നല്‍കിയതാണോ എന്നും തരം മാറ്റിയതാണോ എന്നും അന്വേഷിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും ചേളന്നൂർ വില്ലേജ് ഓഫിസർ മുനീർ പറഞ്ഞു.