ശബരിമലയില്‍ മണ്ഡലകാലം ആരംഭിച്ച് 30 ദിവസം പിന്നിടുമ്ബോള്‍ അയ്യപ്പ ദർശനത്തിനായി മുൻവർഷത്തേക്കാള്‍ കൂടുതലായി എത്തിയത് 4 ലക്ഷം തീർത്ഥാടകർ.
എന്നാല്‍ ഒരു പരാതിയും ഇല്ലാതെ തീർത്ഥാടനം ഇപ്പോഴും സുഗമമായി തുടരുന്നു. കഴിഞ്ഞ വർഷത്തേക്കാള്‍ 21 കോടി രൂപയുടെ അധിക വരുമാനവും ഇത്തവണ കൂടുതല്‍ ലഭിച്ചിട്ടുണ്ട്. വരുന്നവർക്കെല്ലാം ദർശനം നടത്താനുള്ള സൗകര്യം ദേവസ്വവും സർക്കാരും ചേർന്ന് ഒരുക്കിയതിനാലാണു കൂടുതല്‍ തീർത്ഥാടകരെത്തുന്നത്.
ഇന്നു പുലർച്ചെ 3ന് നട തുറന്നപ്പോള്‍ മുതല്‍ സന്നിധാനത്തേക്ക് തീർത്ഥാടകരുടെ വൻ പ്രവാഹമാണ് ഉണ്ടായത്. ആദ്യത്തെ രണ്ടര മണിക്കൂറിനുള്ളില്‍ 14684 പേർ ദർശനം നടത്തി. പതിനെട്ടാംപടി കയറാനുള്ള നിര വലിയ നടപ്പന്തലും പിന്നിട്ടു കെഎസ്ഇബി പടി വരെയുണ്ട്. ഞായറാഴ്ച ഉച്ചയ്ക്കു ശേഷം മല കയറിയ ഇരുപതിനായിരത്തിലേറെ തീർത്ഥാടകർ ധനു മാസ പുലരിയില്‍ ദർശനത്തിനായി സന്നിധാനത്തില്‍ രാത്രി തങ്ങി.
അതോടൊപ്പം വടക്കേ നടയിലൂടെ ദർശനത്തിനായി ഇവരുടെ തിരക്കുണ്ട്. അതേസമയം രാവിലെ മുതല്‍ നല്ല തെളിഞ്ഞ അന്തരീക്ഷമാണ്. മകരവിളക്കു വരെ തീർത്ഥാടകർക്കു പ്രയാസമില്ലാതെ ദർശനം നടത്താൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ശബരിമല ദർശനത്തിനിടെ മരിക്കുന്നവർക്കു സർക്കാർ 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. മുൻവർഷങ്ങളിലേതു പോലെ തന്നെ വലിയ അപകടങ്ങളോ പ്രശ്നങ്ങളോ നിലവില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.