ധനകാര്യ സ്ഥാപനത്തിലെ സാന്പത്തികതട്ടിപ്പ് : തട്ടിപ്പു പുറത്തായത് മൈക്രോസോഫ്റ്റ് ഗ്ലോബല്‍ ഔട്ടേജിലൂടെ

അഞ്ചുവര്‍ഷത്തിനിടെ 20 കോടിയോളം രൂപ തട്ടിയെടുത്ത ധന്യയുടെ കള്ളക്കളി പുറത്തായത് കഴിഞ്ഞയാഴ്ച ലോകം നേരിട്ട മൈക്രോസോഫ്റ്റ് ഗ്ലോബല്‍ ഔട്ടേജിലൂടെയാണെന്നു സൂചന.

ധന്യ മോഹന്‍ സ്ഥാപനത്തിന്‍റെ ഡിജിറ്റല്‍ പേഴ്സണല്‍ ലോണ്‍ ആപ്പിന്‍റെ നിര്‍മാണത്തില്‍ നിര്‍ണായക പങ്കാളിയായിരുന്നു. ബിടെക് പഠനത്തിനുശേഷം സ്വന്തമായൊരു മൊബൈല്‍ ആപ്പ് നിര്‍മിച്ച ധന്യ സ്ഥാപനത്തില്‍ ജീവനക്കാരിയായി എത്തുകയായിരുന്നു. സ്ഥാപനത്തില്‍ വിശ്വസ്തയായിരുന്ന ധന്യ തന്‍റെ കോഡിംഗ് മികവാണു തട്ടിപ്പിനുപയോഗിച്ചത്.

ആപ്പിന്‍റെ ബാക്ക് എന്‍ഡ് നന്നായറിയാവുന്ന പ്രതി സ്ഥാപനത്തിന്‍റെ അക്കൗണ്ടില്‍നിന്നു തന്‍റെ പേരിലുള്ള അഞ്ച് ബാങ്ക് അക്കൗണ്ടുകളിലേക്കും പിതാവിന്‍റെയും സഹോദരന്‍റെയും അക്കൗണ്ടുകളിലേക്കുമാണു പണം ട്രാന്‍സ്ഫര്‍ ചെയ്തിരുന്നത്. ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണിന്‍റെ പലിശയിനത്തില്‍ വകമാറ്റിയായിരുന്നു ധന്യ തട്ടിപ്പ് മറച്ചുപിടിച്ചിരുന്നത്.

സോഫ്റ്റ്‌വേര്‍ ബാക്ക് എന്‍ഡിലൂടെ കൃത്യമായ സമയങ്ങളില്‍ തട്ടിപ്പ് മറയ്ക്കാനുള്ള നീക്കങ്ങള്‍ക്കു തടസമായതു ലോകമാകെ നേരിട്ട മൈക്രോസോഫ്റ്റ് ഗ്ലോബല്‍ ഔട്ടേജിലൂടെ കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനം നിലച്ചതോടെയാണ്. ഈ സാഹചര്യത്തില്‍ ധന്യക്കു തന്‍റെ തട്ടിപ്പ് മറയ്ക്കാന്‍ ആവശ്യമായ നീക്കം നടത്താനായില്ല.

അതേസമയം, അക്കൗണ്ടില്‍ കണക്കുകള്‍ ടാലിയാകാതെ വന്നതു സ്ഥാപനത്തിന്‍റെ ശ്രദ്ധയില്‍പ്പെടുകയും ചെയ്തു. ഈ പ്രശ്‌നം പരിഹരിക്കാന്‍ സ്ഥാപനം ഏല്പിച്ചതും ധന്യയെത്തന്നെയായിരുന്നു.

തട്ടിപ്പ് പിടിക്കപ്പെടും എന്നായതോടെ ധന്യ ഒളിവില്‍ പോകുകയായിരുന്നു. ധന്യയുടെ അസാധാരണനടപടിയില്‍ കമ്ബനിക്കു സംശയംതോന്നി ധന്യയുടെ ഇടപാടുകള്‍ പരിശോധിച്ചതോടെയാണ് തട്ടിപ്പ് വ്യക്തമായത്.

Leave a Reply

Your email address will not be published. Required fields are marked *