ദേശീയപാത തകര്‍ന്നു; പെരുമാള്‍പുരം പൊടിയില്‍ മുങ്ങുന്നു

ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമാണം പുരോഗമിക്കുന്ന പെരുമാള്‍ പുരത്ത് റോഡ് തകർന്നത് കാരണം കോഴിക്കോട് ഭാഗത്തേക്കുള്ള യാത്ര അത്യന്തം ദുഷ്കരമാവുന്നു.

സമാനസ്ഥിതിയുള്ള മറ്റിടങ്ങളില്‍ മഴ മാറി നിന്നപ്പോള്‍ ടാറിങ്ങും കുഴിയടക്കല്‍ പ്രവൃത്തിയും സാമാന്യം ഭേദപ്പെട്ട നിലയില്‍ നടന്നുവെങ്കിലും ഇവിടെ സ്ഥിതിക്ക് മാറ്റം വന്നിട്ടില്ല.

കോഴിക്കോട് ഭാഗത്തേക്കുള്ള സർവിസ് റോഡില്‍ ഹിന്ദുസ്ഥാൻ പെട്രോളിയം പമ്ബ് മുതല്‍ പഴയ എ.ഇ.ഒ ഓഫിസ് പരിസരം വരെ പൊടിയിലും കുഴിയിലും നിറഞ്ഞ് ദേശീയപാത യാത്രായോഗ്യമല്ലാതായിട്ട് മാസങ്ങള്‍ കഴിയുന്നു. പെട്രോള്‍ പമ്ബ് മുതല്‍ പയ്യോളി ഹൈസ്കൂളിന് സമീപംവരെ ഇരുന്നൂറ് മീറ്ററോളം ദൂരം സർവിസ് റോഡ് മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. മഴക്കാലത്ത് ഇവിടെ വെള്ളക്കെട്ട് നിറഞ്ഞപ്പോള്‍ പകരം നിർമാണം പൂർത്തിയാവാത്ത ദേശീയപാത വഴി വാഹനങ്ങള്‍ വഴി തിരിച്ചുവിടുകയായിരുന്നു.

എന്നാല്‍, സമീപത്തെ അടിപ്പാതയുടെ ഭാഗമായി മണ്ണിട്ട് ഉയർത്തേണ്ട സ്ഥലത്ത് കൂടിയാണ് ഇപ്പോള്‍ വാഹനങ്ങള്‍ കടന്നുപോകുന്നത്. ഇവിടെ വയലിന് സമാനമായി കിളച്ച്‌ മറിച്ചിട്ട സ്ഥലത്ത് കൂടെയാണ് മാസങ്ങളായി യാത്രക്കാർ സഞ്ചരിക്കുന്നത്. മഴപെയ്താല്‍ ഇതുവഴി സഞ്ചരിക്കുന്നത് ഏറെ ദുർഘടമാണ്. സ്ഥിതി ഇത്രയേറെ ദയനീയമായിട്ടും അധികൃതർ തിരിഞ്ഞു നോക്കാത്തതിനെതിരെ നാട്ടുകാരില്‍ രൂക്ഷ വിമർശനമുയരുന്നുണ്ട്.

സമീപത്തെ പയ്യോളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടായിരത്തിലധികം വിദ്യാർഥികള്‍, സി.എച്ച്‌.സി, സ്വകാര്യ ആശുപത്രി, മൃഗാശുപത്രി, തൃക്കോട്ടൂർ യു.പി സ്കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് പോകുന്ന യാത്രക്കാരും വിദ്യാർഥികളും നിത്യേന ദുരിതമനുഭവിക്കുകയാണ്. ടാറിങ് നടത്തി ശാശ്വത പരിഹാരം കാണേണ്ട വഗാഡ് കമ്ബനി ഇപ്പോള്‍ പൊടിശല്യം ഒഴിവാക്കുന്നതിനായി ലോറിയിലൂടെ വെള്ളം ഒഴിക്കുന്ന പ്രവൃത്തിയാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

എന്നാല്‍, കടുത്ത വെയിലില്‍ ഇതിന് അല്‍പനേരം മാത്രമേ ആയുസ്സുള്ളൂ. അതേസമയം മഴ മാറിയിട്ടും സർവിസ് റോഡ് റീടാർ ചെയ്ത് ഗതാഗത യോഗ്യമാക്കാൻ കരാറുകാരായ വഗാഡ് കമ്ബനി തയാറാകാത്തത് നാട്ടുകാരില്‍ പ്രതിഷേധമുയരുന്നുണ്ട്. പയ്യോളി ടൗണില്‍ സമാന സാഹചര്യം ഉണ്ടായപ്പോള്‍ ഒരു മാസം മുമ്ബ് വാഹനഗതാഗതം ക്രമീകരിച്ചാണ് ഇരു സർവിസ് റോഡുകളും റീ ടാർ ചെയ്തത്. എന്നാല്‍, പെരുമാള്‍പുരം ഭാഗത്ത് റീ ടാറിങ് നടത്താത്തത് ദുരിതമാവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *