ദേശീയപാതകളില്‍ ടോള്‍പിരിവ് നിയന്ത്രണവ്യവസ്ഥ കർശനമാക്കാൻ കേന്ദ്രസർക്കാർ.

ദേശീയപാതകളില്‍ ടോള്‍പിരിവ് നിയന്ത്രണവ്യവസ്ഥ കർശനമാക്കാൻ കേന്ദ്രസർക്കാർ. 60 കിലോമീറ്റർ പരിധിക്കകത്ത് രണ്ട് ടോള്‍ബൂത്തുകള്‍ കണ്ടെത്തിയാല്‍ മൂന്നുമാസത്തിനകം പൂട്ടിക്കും.

ഇക്കാര്യം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ലോക്സഭയില്‍ നേരത്തേ ഉറപ്പുനല്‍കിയിരുന്നു.

ടോള്‍പ്ലാസകള്‍ 60 കിലോമീറ്റർ പരിധിയില്‍ ഒന്നേ പാടുള്ളൂവെന്ന വ്യവസ്ഥ 2008 മുതല്‍ നിലവിലുണ്ടെങ്കിലും കർശനമാക്കിയിരുന്നില്ല. മിക്കസംസ്ഥാനങ്ങളിലും അനധികൃത ടോള്‍പിരിവുകള്‍ വ്യാപകമാണെന്ന പരാതി ശക്തമായിരുന്നു. എം.പി.മാരില്‍നിന്നടക്കം ഇതുസംബന്ധിച്ച പരാതികള്‍ ലഭിക്കുന്നുണ്ടെന്ന് ഗഡ്കരി പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് വ്യവസ്ഥകള്‍ കർശനമാക്കുന്നത്.

അതേസമയം, മന്ത്രിയുടെ പ്രസ്താവന വന്നതിനുശേഷവും 60 കിലോമീറ്റർ പരിധിക്കകത്ത് ഒന്നിലധികം ടോള്‍പ്ലാസകളില്‍ പിരിവ് നടക്കുന്നുണ്ടെന്ന് പരാതിയുണ്ട്.

ഹരിയാണയില്‍ കേന്ദ്രമന്ത്രാലയത്തിന്റെ പേരില്‍ കേസ്

നിയമം ലംഘിച്ച്‌ ദേശീയപാതയില്‍ അനധികൃത ടോള്‍പിരിവ് നടത്തിയെന്നുകാട്ടി ഹരിയാണയില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ പേരില്‍ സ്വകാര്യവ്യക്തി കീഴ്ക്കോടതിയില്‍ കേസ് കൊടുത്തു. പൊതുമരാമത്ത് വകുപ്പിനെയും കേസിലുള്‍പ്പെടുത്തിയിട്ടുണ്ട്.

വെബ്സൈറ്റ് വിശദീകരണത്തില്‍ വൈരുധ്യം

ടോള്‍പിരിവ് സംബന്ധിച്ച്‌ ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ വിശദീകരണം ആശയക്കുഴപ്പമുണർത്തുന്നതാണെന്നും ആക്ഷേപമുണ്ട്. ’60 കിലോമീറ്റർ നീളത്തിലുള്ള ഒറ്റപ്പാതയെ ഒരു പദ്ധതിയായി കണക്കാക്കിയാണ് ടോള്‍വ്യവസ്ഥ ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ഒരുപദ്ധതിയുടെ നീളം 60 കിലോമീറ്ററില്‍ താഴെയായിരുന്നാല്‍ അതിനനുസരിച്ചുള്ള കുറഞ്ഞ ഫീസ് മാത്രമേ ഈടാക്കൂ’ -വെബ്സൈറ്റില്‍ പറയുന്നു. മന്ത്രിയുടെ ഉറപ്പിന് നേർവിപരീതമാണ് ഇതെന്നാണ് ആക്ഷേപം.

ദേശീയപാതയോരത്തുള്ളവർക്ക് ആധാർകാർഡ് വെച്ച്‌ പാസ്

ദേശീയപാതയോരങ്ങളില്‍ ടോള്‍ബൂത്തുകളോടുചേർന്ന് താമസിക്കുന്നവർക്ക് അവരുടെ ആധാർകാർഡ് വെച്ച്‌ ബന്ധപ്പെട്ട ടോള്‍പ്ലാസ സൗജന്യമായി കടന്നുപോകാനാവശ്യമായ പാസുകള്‍ അനുവദിക്കുന്നത് പരിഗണനയിലുണ്ടെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഇതിന്റെ വിശദാംശങ്ങളായിട്ടില്ല.

60 കി.മീ. പരിധിക്കകത്ത് രണ്ട് ടോള്‍ബൂത്തുകളുണ്ടെങ്കില്‍ മൂന്നുമാസത്തിനകം പൂട്ടിക്കും

Leave a Reply

Your email address will not be published. Required fields are marked *