ദൃഷാനയെ ഇടിച്ചിട്ട് കോമയിലാക്കിയ കാര്‍ കണ്ടെത്തി; പിടികൂടിയത് 10 മാസത്തിനുശേഷം, പ്രതി വിദേശത്ത്

വാഹനമിടിച്ച്‌ തലശ്ശേരി പന്ന്യന്നൂർ പഞ്ചായത്ത് ഓഫീസിനുസമീപം താമസിക്കുന്ന 62-കാരി പുത്തലത്ത് ബേബി മരിക്കുകയും മകളുടെ മകള്‍ഒമ്ബത് വയസ്സുകാരി ദൃഷാന ഗുരുതരമായി പരിക്കേറ്റ് കോമയിലാവുകയുംചെയ്ത സംഭവത്തില്‍ ഇടിച്ചിട്ട കാർ കണ്ടെത്തിയെന്ന് കോഴിക്കോട് ജില്ലാ പോലീസ് മേധാവി (റൂറല്‍) നിധിൻരാജ് ഐ.പി.എസ്.

അന്നേദിവസം തലശ്ശേരി ഭാഗത്തേക്ക് പോയ മാരുതി സ്വിഫ്റ്റ് കാർ പിടിച്ചെടുത്തെന്നും വാഹനമോടിച്ച ആർ.സി. ഉടമ പുറമേരി സ്വദേശി ഷജീർ വിദേശത്തേക്ക് കടന്നതായും എസ്.പി വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

അശ്രദ്ധമായി വാഹനമോടിക്കുകയും അപകടമുണ്ടാക്കുകയുമായിരുന്നു. അപകടം നടന്നശേഷം പിടിക്കപ്പെടുമെന്ന് കരുതി രക്ഷപ്പെട്ടതാണെന്നും പിന്നിട് കാർ രൂപമാറ്റം വരുത്തിയെന്നും റൂറല്‍ എസ്.പി. പറഞ്ഞു. അന്ന് പോലീസിന് കിട്ടിയ ദൃശ്യത്തിലുണ്ടായിരുന്ന വെള്ള സ്വിഫ്റ്റ് കാറിന് സമാനമായ വാഹനം ഇൻഷൂറൻസ് ക്ലയിം ചെയ്യാൻ വന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് അപകടമുണ്ടാക്കിയ കാറാണെന്ന് വ്യക്തമായത്.

ഈവർഷം ഫെബ്രുവരി 17-ന് രാത്രി വടകരയ്ക്കു സമീപം ചോറോട് അമൃതാനന്ദമയീമഠം സ്റ്റോപ്പിലാണ് അപകടമുണ്ടായത്. രാത്രി ഒമ്ബതുമണിയോടെ ചോറോടിലെ ബന്ധുവീട്ടിലേക്ക് പോകാനായി ബസ്സിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് വെള്ളനിറത്തിലുള്ള കാർ ഇരുവരെയും ഇടിച്ചുവീഴ്ത്തിയത്. കാർ നിർത്താതെ പോയി.

ആശുപത്രിയിലെത്തിക്കുമ്ബോഴേക്കും ബേബി മരിച്ചു. ദൃഷാന അബോധാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കണ്ണൂർ മേലെ ചൊവ്വ വടക്കൻ കോവില്‍ സുധീറിന്റെയും സ്മിതയുടെയും മകളാണ് ദൃഷാന. അപകടം നടന്നശേഷം പോലീസ് സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചിരുന്നെങ്കിലും തെളിവൊന്നും കിട്ടിയിരുന്നില്ല. പിന്നീട് അന്വേഷണം ഇഴഞ്ഞു. ഇതോടെ ബന്ധുക്കള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുളളവർക്ക് പരാതി നല്‍കി. തുടർന്നാണ് വീണ്ടും അന്വേഷണം ഊർജിതമായത്.

Leave a Reply

Your email address will not be published. Required fields are marked *