ദൃഷാനയുടെ അപകടം: പ്രതി ഷെജീലിനെ നാട്ടിലെത്തിക്കാന്‍ ശ്രമം

വടകരയില്‍ ഒമ്ബത് വയസുകാരിയെ കാറിടിച്ച്‌ വീഴ്ത്തി അബോധാവസ്ഥയിലാക്കിയ പ്രതി പുറമേരി സ്വദേശി ഷെജീലിനെ ദുബായിലെ ജോലി സ്ഥലത്ത് നിന്നും നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് ഊര്‍ജിതമാക്കി.

അധികം വൈകാതെ തന്നെ ഇയാള്‍ നാട്ടിലെത്തി കീഴടങ്ങുമെന്നാണ് പൊലീസ് കരുതുന്നത്. പ്രതിക്കെതിരെ കൂടുതല്‍ കടുത്ത വകുപ്പുകള്‍ ചുമത്തണമെന്നും ഭാര്യക്കെതിരെയും കേസെടുക്കണമെന്നും ദൃഷാനയുടെ കുടുംബം ആവശ്യപ്പെട്ടു.

ക്രൂരത ചെയ്ത ശേഷം ദുബായിലേക്ക് കടന്ന് ഒന്നും അറിയാതെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി തുടരുന്ന ഷെജീല്‍ നിലവിലെ സാഹചര്യത്തില്‍ ഉടന്‍ തന്നെനാട്ടിലെത്തി കീഴടങ്ങുമെന്നാണ് പൊലീസ് കരുതുന്നത്. പൊലീസ് ആദ്യം ബന്ധപ്പെട്ടപ്പോള്‍ അപകടം നടന്ന കാര്യം ആദ്യം നിഷേധിച്ച പ്രതി പിന്നീട് സമ്മതിച്ചിരുന്നു. റെഡ് കോര്‍ണര്‍, ലുക്കൗട്ട് നോട്ടീസ് തുടങ്ങിയവ നടപടി ക്രമങ്ങളെക്കുറിച്ച്‌ പൊലീസ് ഇപ്പോള്‍ ആലോചിച്ചിട്ടില്ല. ഇയാളെ നാട്ടില്‍ എത്തിക്കുന്നതില്‍ കുടുംബം വഴിയും ശ്രമം നടത്തുകയാണ്. എത്രയും പെട്ടന്ന് അറസ്റ്റ് രേഖപ്പെടുത്തി കുറ്റപത്രം സമര്‍പ്പിച്ച്‌ കുടുംബത്തിന് ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്ന നടപടികള്‍ വേഗത്തിലാക്കാണ് ശ്രമം. നിലവില്‍ ഷെജീലിനെതിരെ അശ്രദ്ധ കൊണ്ടുണ്ടാക്കിയ മരണം, തെളിവ് നശിപ്പിക്കല്‍ എന്നീ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എന്നാല്‍ ഇത് പര്യാപ്തമല്ലെന്നും കൂടുതല്‍ കടുത്ത വകുപ്പുകള്‍ ചുമത്തി ഉചിതമായ ശിക്ഷ നല്‍കണമെന്നും നേരത്തെ തന്നെ ദൃഷാനയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *