കന്നഡയില്‍ നിന്നെത്തി ഇന്ത്യൻ സിനിമാപ്രേമികള്‍ക്ക് മറക്കാനാവാത്ത തീയേറ്റർ അനുഭവം നല്കിയ ചിത്രമാണ് ഋഷഭ് ഷെട്ടി നായകനായി എത്തിയ കാന്താര .
ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാർഡും ഋഷഭിനെ തേടി എത്തിയിരുന്നു.ഇപ്പോള്‍ ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കിക്കൊണ്ട് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. കാന്താര: ചാപ്റ്റര്‍ 1 എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രം 2025 ഒക്ടോബര്‍ 2ന് ആഗോള റിലീസായി തീയേറ്ററുകളിലെത്തും .ചിത്രത്തിന്റെ ഗംഭീര പോസ്റ്ററിനൊപ്പമാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.ചോരപുരണ്ട മഴുവും ശൂലവുമായി നില്ക്കുന്ന ഋഷഭ് ഷെട്ടിയെ ആണ് പോസ്റ്ററില്‍ കാണുന്നത്. ചിത്രത്തിന്റെ നിര്‍മാതാക്കളായ ഹംബാലെ ഫിലിംസാണ് പ്രഖ്യാപനം നടത്തിയത്. ആദ്യഭാഗത്തിന്റെ പ്രീക്വലായാണ് ഈ ചിത്രം എത്തുന്നത്.
ചിത്രത്തില്‍ ഋഷഭിനൊപ്പം വമ്ബൻ താരനിര അണിനിരക്കുമെന്ന തരത്തിലുള്ള നിരവധി വാർത്തകള്‍ ഇതിനോടകം പുറത്തുവന്നിരുന്നു. എന്നാല്‍ അഭിനേതാക്കളുടെ കാര്യത്തില്‍ ഇതുവരെ ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല. മലയാളത്തില്‍ നിന്നും ജയറാമും മോഹൻലാലും ചിത്രത്തിന്റെ ഭാഗമായേക്കാം എന്നും റിപോർട്ടുകള്‍ പ്രചരിക്കുന്നുണ്ട്. ഋഷഭ് ഷെട്ടി തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ നിര്‍മാതാവായ വിജയ് കിരഗുണ്ടൂര്‍ ചിത്രത്തേക്കുറിച്ച് സംസാരിച്ചിരുന്നു. ചിത്രത്തിന്റെ 30 ശതമാനം ഷൂട്ടിങ് പൂര്‍ത്തിയാത്തിയെന്നാണ് അദ്ദേഹം പറഞ്ഞത്.
കാന്താരയുടെ ആദ്യ ഭാഗം 2022 സെപ്തംബറിലായിരുന്നു പ്രദര്‍ശനത്തിനെത്തിയത്. പതിവുപോലെ സാധാരണ ഒരു കന്നഡ ചിത്രമായിട്ടാണ് കാന്താര എത്തിയതെങ്കിലും പെട്ടെന്ന് രാജ്യമൊട്ടെ ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തില്‍ മാറുകയായിരുന്നു. മൗത്ത് പബ്ലിസിറ്റിയായിരുന്നു കാന്താരയ്ക്ക് ഗുണമായത്.