ഉരുള്‍ ദുരന്തബാധിതർക്ക് കേടായ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തതു സംബന്ധിച്ച വിവാദത്തിന് അറുതിയായില്ല.
ദുരന്തബാധിതർക്ക് നല്കാൻ റവന്യൂ വകുപ്പ് മേപ്പാടി പഞ്ചായത്തിലേക്ക് നല്കിയ ഭക്ഷ്യവസ്തുക്കളില്‍ മൂന്നിലൊന്നു ഭാഗവും ഭക്ഷ്യയോഗ്യമല്ലാത്തതും കേടായതുമാണെന്നാണ് ആക്ഷേപം.
റവന്യൂ വകുപ്പ് മേപ്പാടി പഞ്ചായത്ത് അധികൃതർക്ക് നല്കിയ ഭക്ഷ്യവസ്തുക്കളുടെ 835 ചാക്കുകളില്‍ 300ല്‍പരം എണ്ണത്തില്‍ പാക്കിങ് തീയതിയോ ഉപയോഗ കാലാവധിയോ രേഖപ്പെടുത്തിയിട്ടില്ലെന്ന് യു.ഡി.എഫ് പ്രവർത്തകർ ആരോപിച്ചു. ചാക്കുകള്‍ക്കുള്ളില്‍ പുഴുക്കളും കീടങ്ങളും കാണപ്പെടുന്നതായും ടി. സിദ്ദീഖ് എം.എല്‍.എ ആരോപിച്ചു. പഞ്ചായത്ത് ടൗണ്‍ ഹാളില്‍ സൂക്ഷിച്ച ഭക്ഷ്യവസ്തുക്കളാണ് ദുരന്തബാധിതർക്ക് വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്. മേപ്പാടി പഞ്ചായത്തിലേക്ക് നല്‍കിയത് പുതിയ ഭക്ഷ്യവസ്തുക്കളെന്ന റവന്യൂ മന്ത്രിയുടെ അവകാശവാദം തെറ്റാണെന്നും മന്ത്രിയും ജില്ല ഭരണകൂടവും മറുപടി പറയണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.