ദുബൈ ഡയബറ്റിസ് സെന്ററിന് പുതിയ ആസ്ഥാനം സ്ഥാപിക്കാനുള്ള പദ്ധതിക്ക് ദുബൈ ഹെല്‍ത്ത് അംഗീകാരം നല്‍കി. ശൈഖ് അഹ്്മദ് ബിന്‍ സഈദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയിലും ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ സാന്നിധ്യത്തിലുമുള്ള ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.
ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം സ്ഥാപിക്കുന്നത്.
ഇന്നലെ ആഗോളതലത്തില്‍ ആചരിച്ച വാര്‍ഷിക ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച്, ഈ രോഗത്തിനെതിരെ സാമൂഹിക അവബോധം വര്‍ധിപ്പിക്കുന്നതിനൊപ്പം അതിന്റെ സങ്കീര്‍ണതകള്‍ കുറക്കുന്ന ചികിത്സയും വികസിപ്പിക്കുകയെന്ന ലക്ഷ്യത്തിലാണ് കേന്ദ്രം സ്ഥാപിക്കുന്നത്. 53,000 ചതുരശ്ര അടിയിലുള്ള കേന്ദ്രം 2026 അവസാനത്തോടെ തുറക്കും.
അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ചികിത്സാ സേവനങ്ങളുടെ ഗുണഭോക്താക്കളുടെ എണ്ണം ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2009ല്‍ സ്ഥാപിതമായതു മുതല്‍ ദുബൈ ഡയബറ്റിസ് സെന്റര്‍ ഏകദേശം 15,000 രോഗികള്‍ക്ക് ചികിത്സാ സേവനങ്ങള്‍ നല്‍കിയിട്ടുണ്ട്. കൂടാതെ പ്രമേഹ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്ന ശാസ്ത്രീയ ഗവേഷണ പരിപാടികളെയും പിന്തുണക്കും.