എഡിഎമ്മിന്റെ മരണത്തില്‍ ആത്മഹത്യാക്കുറ്റത്തിന് പ്രതി ചേര്‍ക്കപ്പെട്ട സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി.
ദിവ്യയെ പോലീസ് അറസ്റ്റു ചെയ്യാത്തത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശ പ്രകാരമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ആരോപിച്ചു.
പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നും ഗൂഢാലോചനയില്‍ പങ്കാളിയായ കളക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാണ് ദിവ്യയെ സംരക്ഷിക്കുന്നത്. സിപിഎം നേതാക്കള്‍ ദിവ്യയെ ഒളിപ്പിക്കുമ്ബോഴും പോലീസ് കണ്ടില്ലെന്ന് നടിക്കുകയാണ്. കണ്ണൂരില്‍ എവിടെയാണ് ദിവ്യയുള്ളതെന്ന് പോലീസിന് അറിയാം. സമരക്കാരെ നേരിടാന്‍ കാണിക്കുന്ന ഉത്സാഹം പോലീസ് ദിവ്യയെ അറസ്റ്റു ചെയ്യാന്‍ കാണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ജില്ലയിലെ ഒരുന്നത ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തിട്ടും മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറയുന്നു. പക്ഷേ മുഖ്യമന്ത്രി ദിവ്യയുടെ കുടുംബത്തോടൊപ്പമാണ്. ദിവ്യയെ അറസ്റ്റു ചെയ്തില്ലെങ്കില്‍ ബിജെപിയിലെ പെണ്ണുങ്ങള്‍ അവരെ പിടിച്ചു കെട്ടുമെന്നും ഇത്തരം സാഹചര്യം ഒഴിവാക്കുന്നതാണ് എല്ലാവര്‍ക്കും നല്ലതെന്നും എം.ടി. രമേശ് പറഞ്ഞു.
കോടികള്‍ വിലവരുന്ന ബിനാമി സ്വത്തുക്കള്‍ സ്വന്തമാക്കാന്‍ സിപിഎം നേതാക്കള്‍ക്ക് എവിടെ നിന്നാണ് പണമെന്നത് വ്യക്തമാക്കണം. സിപിഎം നേതാക്കളുടെ സാമ്ബത്തിക സ്രോതസ് അന്വേഷിക്കണം. കണ്ണൂരില്‍ സിപിഎം നടത്തുന്ന ഉദ്യോഗസ്ഥ പീഡനത്തിന്റെ ഇരയാണ് നവീന്‍ ബാബു. ഇങ്ങനെ മരിച്ചു ജീവിക്കുന്ന ഉദ്യോഗസ്ഥര്‍ ഒട്ടനവധിയുണ്ടെന്ന് എം.ടി. രമേശ് പറഞ്ഞു. പേടി കൊണ്ടാണ് ഈകാര്യം പലരും പറയാത്തത്. മുഖ്യമന്ത്രിയുടെ ഓഫീസ് ക്രിമിനലുകളുടെ താവളമായി, അദ്ദേഹം ആരോപിച്ചു.
ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകര്‍ പങ്കെടുത്തു. മാര്‍ച്ച് കളക്‌ട്രേറ്റിന് മുന്നില്‍വെച്ച് തടഞ്ഞ പോലീസ് അകാരണമായി സ്ത്രീകളടക്കമുളള പ്രവര്‍ത്തകരെ മര്‍ദിക്കുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ടി.സി. മനോജ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, മേഖലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ്കുമാര്‍, ദേശീയ സമിതിയംഗം എ. ദാമോദരന്‍, സംസ്ഥാന സമിതിയംഗങ്ങളായ എ.പി. ഗംഗാധരന്‍, സി. നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ബിജു ഏളക്കുഴി സ്വാഗതവും എം.ആര്‍. സുരേഷ് നന്ദിയും പറഞ്ഞു.