വിജയ്‌യുടെ പാർട്ടി പ്രഖ്യാപനവും സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനവും വന്നതിന് പിന്നാലെ ദളപതി 69 വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നതാണ്.
എച്ച് വിനോദായിരിക്കും ദളപതി 69 സംവിധാനം ചെയ്യുകയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടാണ് സമൂഹ മാധ്യമങ്ങളില്‍ ചർച്ചയാകുന്നത്.
വിജയ് നായകനാകുന്ന സിനിമയുടെ ചിത്രീകരണം ഈ സെപ്റ്റംബറില്‍ ആരംഭിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. എച്ച് വിനോദും വിജയ്‍യും ചേർന്ന് സിനിമയുടെ ലുക്ക് ടെസ്റ്റുകള്‍ ചെന്നൈയില്‍ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഉണ്ടാകുമെന്നും അഭ്യൂഹങ്ങളുണ്ട്.
ദളപതി 69ല്‍ മലയാളി താരം മമിത ബൈജുവും ഭാഗമാകുമെന്ന റിപ്പോർട്ടുകളുണ്ട്. സിനിമയുടെ ഭാഗമാകുന്നതിന് നടി സമ്മതം മൂളിയതായും സിനിമയില്‍ മമിതയുടേത് സുപ്രധാന കഥാപാത്രമായിരിക്കുമെന്നുമാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ട് എന്ന സിനിമയാണ് വിജയ്‍യുടെതായി റിലീസിന് ഒരുങ്ങുന്നത്. വിജയ് ഡബിള്‍ റോളില്‍ എത്തുന്ന സിനിമ സെപ്റ്റംബർ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്. സ്‌നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്.