തെന്നിന്ത്യൻ സൂപ്പർ താരം ദളപതി വിജയ് നായകനായി എത്തിയ ചിത്രം ‘ഗോട്ട്’ തന്റെ വിജയത്തേരോട്ടം തുടരുകയാണ്. ഇപ്പോള്‍ ചിത്രത്തിന്റെ വിജയം ആഘോഷിക്കുകയാണ് നടൻ വിജയ്.
നിർമാതാവ് അർച്ചന കല്‍പതിക്കൊപ്പം കേക്കുമുറിച്ചാണ് വിജയ് ചിത്രത്തിൻ്റെ വിജയം ആഘോഷിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ചിത്രം തമിഴ്നാട്ടില്‍ നിന്ന് മാത്രം 100 കോടി കളക്ഷൻ നേടിയതിന് പിന്നാലെയായിരുന്നു അണിയറപ്രവർത്തകരുടെ ആഘോഷം.
ചിത്രം 455 കോടിയാണ് ആഗോള തലത്തില്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ വിജയ്‌യുടെ കരിയറിലെ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമായി ഗോട്ട് മാറിയിരിക്കുകയാണ്. 600 കോടിയിലധികം നേടിയ ലിയോയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഗോട്ട് സിനിമയുടെ കളക്ഷന്റെ സിംഹഭാഗവും തമിഴ്‌നാട്ടില്‍ നിന്ന് തന്നെയാണ് ലഭിച്ചിരിക്കുന്നത്. 215 കോടിയോളം രൂപയാണ് സിനിമ സംസ്ഥാനത്ത് ഇന്ന് നേടിയത്. എന്നാല്‍ കേരളം ഉള്‍പ്പടെയുള്ള മറ്റു സംസ്ഥാനങ്ങളില്‍ ഒന്നും തന്നെ സിനിമയ്ക്ക് വമ്ബൻ കളക്ഷൻ നേടാനായില്ല. 13 കോടിയോളമാണ് കേരളത്തിലെ ചിത്രത്തിന്റെ കളക്ഷന്‍.
വിജയ് ഇരട്ടവേഷത്തിലെത്തിയ ഗോട്ടില്‍ സ്നേഹ, മീനാക്ഷി ചൗധരി എന്നിവരാണ് നായികമാരായെത്തിയത്. ഇവർക്ക് പുറമെ പ്രശാന്ത്, പ്രഭുദേവ, ജയറാം, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, ലൈല, വൈഭവ്, പ്രേംജി അമരൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആക്ഷൻ മൂഡില്‍ ഒരുക്കിയ ഗോട്ട്, എജിഎസ് എന്റർടെയിന്മെന്റിന്റെ ബാനറില്‍ കല്‍പാത്തി എസ് അഘോരം, കല്‍പാത്തി എസ് ഗണേഷ്, കല്‍പാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
ഛായാഗ്രഹണം- സിദ്ധാർത്ഥ നൂനി, സംഗീതം- യുവാൻ ശങ്കർ രാജ, ചിത്രസംയോജനം- വെങ്കട് രാജേൻ, ആക്ഷൻ- ദിലീപ് സുബ്ബരായൻ, കലാസംവിധാനം- ബി ശേഖർ, സൂര്യ രാജീവൻ, വസ്ത്രാലങ്കാരം- വാസുകി ഭാസ്കർ, പല്ലവി സിങ്, സൗണ്ട് ഡിസൈൻ- ടി ഉദയകുമാർ, രഞ്ജിത് വേണുഗോപാല്‍, സരവകുമാർ, സൗണ്ട് മിക്സിങ്- ടി ഉദയകുമാർ, നൃത്ത സംവിധാനം- സതീഷ് കൃഷ്ണൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- എം.സെന്തികുമാർ, ഗോവിന്ദരാജ് തുടങ്ങിയവരാണ് സിനിമയുടെ മറ്റു അണിയറപ്രവർത്തകർ.