ദക്ഷിണ കൊറിയയില്‍ പ്രതിരോധ മന്ത്രി കിം യോംഗ്-ഹ്യൂനിന് പിന്നാലെ ആഭ്യന്തര മന്ത്രി ലീ സാങ്ങ് മിന്നും രാജിവച്ചു.
രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ച പ്രസിഡന്റ് യൂൻ സുക് യോളിനെതിരെ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെയാണ് നീക്കം.
പട്ടാള നിയമം പ്രഖ്യാപിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തും ജനങ്ങളെ സേവിക്കുന്നതില്‍ പരാജയപ്പെട്ടെന്നും കാട്ടിയാണ് ലീയുടെ രാജി. പട്ടാള നിയമം പ്രഖ്യാപിച്ചതിന്റെ പേരില്‍ കിം യോംഗിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലീയ്ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് പ്രസിഡന്റ് യൂൻ രാജ്യത്ത് അപ്രതീക്ഷിതമായി പട്ടാള നിയമം പ്രഖ്യാപിച്ചത്. ഇതോടെ എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളും സൈന്യം നിരോധിച്ചു. എന്നാല്‍, സമ്മർദ്ദം ശക്തമായതോടെ ആറ് മണിക്കൂറിനുള്ളില്‍ യൂൻ തന്നെ നിയമം പിൻവലിച്ചു.
യൂനിനെതിരെ പ്രതിപക്ഷം ഇംപീച്ച്‌മെന്റ് നീക്കം നടത്തിയിരുന്നു. എന്നാല്‍ ശനിയാഴ്ച പാർലമെന്റില്‍ നടന്ന ഇംപീച്ച്‌മെന്റ് വോട്ടില്‍ നിന്ന് ഭരണപക്ഷമായ പീപ്പിള്‍ പവർ പാർട്ടിയിലെ അംഗങ്ങള്‍ വിട്ടുനിന്നതിനാല്‍ യൂൻ രക്ഷപ്പെട്ടു.