തകർപ്പൻ ജയത്തോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ ചെല്‍സി മുന്നേറ്റം തുടരുന്നു. രണ്ടുഗോളിന് പിറകെ നിന്ന ശേഷം ആവേശ പോരില്‍ ടോട്ടൻഹാമിനെ 4-3 ന് തകർത്തു.
അഞ്ചാം മിനിറ്റില്‍ ഡൊമിനിക് സലൻകിയുടെ ഗോളിലൂടെ ചെല്‍സിയെ ഞെട്ടിച്ചാണ് ടോട്ടൻഹാം തുടങ്ങിയത്. 11ാം മിനിറ്റില്‍ ഡെജൻ കുലുസെസ്കിയിലൂടെ ലീഡ് ഇരട്ടിയാക്കിയതോടെ ചെല്‍സി തുടക്കത്തിലേ പ്രതിരോധത്തിലായി. എന്നാല്‍, 17ാം മിനിറ്റില്‍ ജേഡൻ സാഞ്ചോയുടെ ഗോളിലൂടെ ആദ്യ മറുപടി ചെല്‍സി നല്‍കി (2-1).
രണ്ടാം പകുതിയിലാണ് ചെല്‍സിയുടെ സമനിലഗോളെത്തുന്നത്. 61ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കോള്‍ പാല്‍മർ ലക്ഷ്യത്തിലെത്തിച്ചതോടെ സ്കോർ തുല്യമായി(2-2). 73ാം മിനിറ്റില്‍ എൻസോ ഫെർണാണ്ടസ് ചെല്‍സിയെ മുന്നിലെത്തിച്ചു(3-2). 84 ാം മിനിറ്റില്‍ രണ്ടാമതും പെനാല്‍റ്റി ഗോളാക്കി കോള്‍ പാല്‍മർ ലീഡ് ഇരട്ടിയാക്കി (4-2).
അന്തിമ വിസിലിന് തൊട്ടുമുൻപ് സണ്‍ ഹ്യൂം മിന്നിലൂടെ മൂന്നാമത്തെ ഗോള്‍ നേടിയെങ്കിലും ജയം ചെല്‍സിക്കൊപ്പമായിരുന്നു. ജയത്തോടെ പ്രീമിയർ ലീഗ് പട്ടികയില്‍ 31 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി.