ഇപിഎഫ്‌ഒ അംഗങ്ങൾക്ക് വ്യക്തിഗതവിവരങ്ങൾ ഓൺലൈൻ വഴി സ്വയം മാറ്റാനുള്ള സംവിധാനം നിലവിൽ വന്നു. തൊഴിലുടമയുടെ പരിശോധനയോ ഇപിഎഫ്‌ഒയുടെ അനുമതിയോ ഇല്ലാതെ മാറ്റുകയോ പരിഷ്കരിക്കുകയോ ചെയ്യാനുള്ള സംവിധാനമാണിത്.
ആധാർ അടിസ്ഥാനമാക്കിയ ഇ-കെവൈസി ഇപിഎഫ് അക്കൗണ്ടുള്ള അംഗങ്ങൾക്ക് ഇപിഎഫ് ട്രാൻസ്ഫർ ക്ലെയിമുകൾ തൊഴിലുടമയുടെയോ ഇപിഎഫ്‌ഒയുടെയോ ഇടപെടലില്ലാതെ ഓൺലൈനായി ആധാർ ബന്ധിത ഒടിപി ഉപയോഗിച്ച് ഫയൽ ചെയ്യാം.
കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡ്യ രണ്ട് സംവിധാനങ്ങളും ഉദ്ഘാടനം ചെയ്തു. നിലവിൽ ഏതെങ്കിലും അംഗം തിരുത്തലിനായി അപേക്ഷ സമർപ്പിച്ചെങ്കിൽ അവർ പുതിയ സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു.
പേര്, ജനനത്തീയതി, ലിംഗം, പൗരത്വം, മാതാപിതാക്കളുടെ പേര്, ഭാര്യ-ഭർത്താവിന്റെ പേര്, ഇപിഎഫിൽ ചേർന്ന തീയതി തുടങ്ങിയ വിവരങ്ങൾ തിരുത്തം. 2017 ഒക്ടോബർ ഒന്നിന് ശേഷം യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ അഥവാ യുഎഎൻ ലഭിച്ചവർക്കാണ് സൗകര്യങ്ങൾ ലഭിക്കുക. ഇപിഎഫ്എ ഇ-സേവ വെബ്‌സൈറ്റിൽ പ്രവേശിച്ച് യുഎഎൻ, പാഡ്‍വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്ത് തിരുത്താം.
2017-ന് യുഎഎൻ ലഭിച്ചവരുടെ വ്യക്തിഗത വിവരങ്ങൾ അവരുടെ ആവശ്യപ്രകാരം തൊഴിലുടമയ്‌ക്ക് ഇപിഎഫ്‍ഒയുടെ ഇടപെടലില്ലാതെ തിരുത്തുകയോ, പരിഷ്കരിക്കുകയോ ചെയ്യാം. യുഎഎൻ ആധാറുമായി ലിങ്ക് ചെയ്യാത്തവർ തിരുത്തലിനായി തൊഴിലുടമയെ നേരിട്ട് സമീപിക്കണം.