തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കണ്ട, വാഹനം വാടകയ്ക്ക് നൽകണമെങ്കിൽ നിയമപരമായി ചെയ്യണം; കർശന നടപടിയെന്ന് മന്ത്രി

സ്വകാര്യ വാഹനങ്ങൾ പണം വാങ്ങി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. ആർസി ഉടമയുടെ ഭാര്യ‌ക്കോ, സഹോദരങ്ങൾക്കോ, സുഹൃത്തുക്കൾക്കൊ ഒക്കെ വണ്ടിയോടിക്കാം. എന്നാൽ യാതൊരു ബന്ധവുമില്ലാത്തവർക്ക് പണം വാങ്ങിച്ച് വാഹനം ഓടിക്കാൻ നൽകരുതെന്ന് അദ്ദേഹം പറഞ്ഞു. ഇരുട്ടുകൊണ്ട് ഓട്ട അടയ്‌ക്കേണ്ട. തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയും വേണ്ട. വാഹനം വാടകയ്ക്ക് നൽകണമെന്നുണ്ടെങ്കിൽ അത് നിയമപരമായിവേണം നൽകാൻ. അങ്ങനെ ചെയ്യണമെന്നുണ്ടെങ്കിൽ രജിസ്റ്റർ ചെയ്യണം. അല്ലാതെ പാവം ടാക്‌സിക്കാരുടെ വയറ്റത്തടിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.നികുതി അടച്ച ശേഷമാണ് ടാക്‌സിയും ഓട്ടോയുമൊക്കെ ഓടുന്നത്. അങ്ങനെയുള്ളവരെ മണ്ടന്മാരാക്കി ചിലർ നികുതി അടയ്ക്കാതെ വാഹനം വാടകയ്ക്ക് കൊടുക്കുന്നത് തെറ്റാണ്. ആലപ്പുഴ അപകടത്തിലും ഇതാണ് സംഭവിച്ചത്. പണം വാങ്ങിയാണ് കാർ ഉടമ വിദ്യാർത്ഥികൾക്ക് വാഹനം നൽകിയത്.’- മന്ത്രി വ്യക്തമാക്കി.ഗുരുവായൂരിൽ നിന്ന് കായംകുളത്തേക്ക് വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചറും വണ്ടാനം ഭാഗത്തുനിന്നു ആലപ്പുഴ ഭാഗത്തേക്ക് വരികയായിരുന്ന ടവേര കാറും കൂട്ടിയിടിച്ച് ആറ് വിദ്യാർത്ഥികളാണ് മരിച്ചത്. അമ്‌ബലപ്പുഴ കക്കാഴം സ്വദേശി ഷമിൽ ഖാന്റെ കാറായിരുന്നു വിദ്യാർത്ഥികൾ ഉപയോഗിച്ചത്. വാഹനം വാടകക്ക് നൽകാനുള്ള ലൈസൻസ് വാഹന ഉടമയ്ക്ക് ഇല്ല. വണ്ടാനം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുമായുള്ള പരിചയത്തിൻ്റെ പേരിലാണ് വാഹനം വിട്ടുനൽകിയതെന്നായിരുന്നു ഷമിൽ പറഞ്ഞത്. വാടകയ്ക്ക് കൊടുത്തതല്ലെന്നും ഇയാൾ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *