ഇത്തവണയും മാറ്റമില്ലാതെ തൃശ്ശൂരില്‍ ഓണത്തിന് നടക്കുന്ന പുലിക്കളി നടക്കും. സെപ്റ്റംബർ 18ന് ആണ് പുലിക്കളി നടക്കുക.
നേരത്തെ മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുലിക്കളി മാറ്റിവെയ്ക്കാൻ തൃശൂർ കോർപ്പറേഷൻ തീരുമാനിച്ചിരുന്നു. എന്നാല്‍ പുലിക്കളി ഒഴിവാക്കരുതെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പുലിക്കളി നടത്താൻ തീരുമാനമായത്. മേയറുടെ ചേമ്ബറില്‍ ചേർന്ന സർവ്വകക്ഷി യോഗത്തിലാണ് തീരുമാനം.
വയനാട്, മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്ബ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കിയതായി ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനവും പുനരധിവാസത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിച്ച് കൊണ്ടിരിക്കുന്നതിലായിരുന്നു തീരുമാനം. സമാനതകളില്ലാത്ത ദുരന്തമാണ് വയനാട് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഈ സാഹചര്യത്തിലാണ് ആഘോഷങ്ങള്‍ ഒഴിവാക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.
ഇതേത്തുടർന്നാണ് വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തില്‍ പുലിക്കളി, കുമ്മാട്ടി എന്നീ ആഘോഷങ്ങള്‍ നടത്തേണ്ടതില്ലെന്ന് തൃശൂർ കോർപ്പറേഷൻ തീരുമാനിച്ചത്. എന്നാല്‍ പുലിക്കളി നടത്താനായി ഏറെ പണം ചെലവിട്ട് സംഘങ്ങള്‍ പണി തുടങ്ങിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് പുലിക്കളി നടത്താൻ തീരുമാനിച്ചത്. പുലിക്കളി സംഘങ്ങള്‍ക്ക് ധനസഹായം നല്‍കാനും തീരുമാനമായി.