കൂട്ടായി :
ഇന്നലെ രാത്രി പുലിയെ നേരിട്ടു കണ്ടതിൻ്റെ ഞെട്ടൽ മാറും മുൻപ് ഇന്നു രാവിലെ
സിസിടിവിയിലും പുലി പതിഞ്ഞു. പരിശോധനയുമായി വനം വകുപ്പ്.
ഒരു മാസത്തോളമായി തീരദേശം പുലിപ്പേടിയിലാണ്. പുലിയെ പിടിക്കാൻ 2 കെണികൾ ഒരുക്കിയുള്ള കാത്തിരിപ്പ് ദിവസങ്ങൾ പിന്നിടുമ്പോഴാണ് കൂട്ടായിയിൽ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നത്. കൂട്ടായി പുതിയ ജുമാഅത്ത് പള്ളിയുടെ സമീപത്താണ് തിങ്കളാഴ്ച രാത്രി പുലിയെ 3 പേർ കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് എത്തി പരിശോധന നടത്തിയെങ്കിലും ഇത് പുലിയാണെന്ന് സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ ഇന്ന് രാവിലെ സി സി ടി വി യിൽ പുലി പതിഞ്ഞതായി പ്രദേശവാസിയും ഡിസിസി ജനറൽ സെക്രട്ടറിയുമായ അഡ്വ. പി. നസ്റുള്ള പറഞ്ഞു. കൂട്ടായി സ്വദേശി ടി.വി.മുഹമ്മദ് കുട്ടിയുടെ വീട്ടിലെ സിസിടിവിയിലാണ് പുലി പതിഞ്ഞിട്ടുള്ളത്. എത്രയും വേഗം കൃത്യമായ നടപടികൾ സ്വീകരിച്ച് പുലിയെ പിടികൂടണമെന്ന് നസറുല്ല ആവശ്യപ്പെട്ടു. ആഴ്ചകൾക്ക് മുൻപാണ് തീരദേശത്ത് പുലിയെത്തിയതായി നാട്ടുകാർ പുറത്തറിയിച്ചത്. തുടർന്ന് വനംവകുപ്പ് ഇവിടെ നിരീക്ഷണ ക്യാമറകളും രണ്ട് കെണികളും ഒരുക്കിയിരുന്നു. നിരീക്ഷണ ക്യാമറയിൽ പുലി പതിഞ്ഞിട്ടുണ്ട് എന്നാണ് വിവരം. എന്നാൽ കെണികളിൽ ഇതുവരെ പുലി അകപ്പെട്ടിട്ടില്ല. ഈ സമയത്തിനിടെ മൂന്ന് ആടുകളെയും, 2 നായ്ക്കളെയും പുലി ആക്രമിച്ചതായി നാട്ടുകാർ പറഞ്ഞിട്ടുണ്ട്.