തിരുവമ്ബാടി കെഎസ്‌ഇബി സെക്ഷൻ ഓഫീസിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി.
പ്രതികള്‍ ചെയ്തത് ഗുരുതരമായ തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി ജാമ്യം തള്ളിയത്.
സർക്കാർ സ്ഥാപനത്തിന് നേരെയുണ്ടായ ആക്രമണം അതീവ ഗൗരവമാണെന്ന് വ്യക്തമാക്കിയാണ് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ആണ് ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്. കേസിലെ ഒന്നാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ അജ്മല്‍ സ്ഥിരം കുറ്റവാളി ആണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. അജ്മലും സഹോദരൻ ഷഹദാദും സമർപ്പിച്ച ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
ബില്‍ അടയ്‌ക്കാത്തിനെ തുടർന്ന് തിരുവമ്ബാടി സ്വദേശിയായ അജ്മലിന്റെ വീട്ടിലെ വൈദ്യുതി ബന്ധം കെഎസ്‌ഇബി വിച്ഛേദിച്ചിരുന്നു. ഓണ്‍ലൈനായി ബില്ലടച്ച അജ്മല്‍ ഉടൻ കണക്ഷൻ പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ ഇല്ലാത്തതിനാല്‍ തടസം നേരിട്ടു. കണക്ഷൻ സ്ഥാപിക്കാൻ വൈകി വീട്ടിലെത്തിയ കെഎസ്‌ഇബി ഉദ്യോഗസ്ഥരുമായി വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. തുടർന്ന്, ഉദ്യോഗസ്ഥർ പൊലീസില്‍ പരാതിയും നല്‍കി. ഇതില്‍ പ്രകോപിതനായി ശനിയാഴ്ച രാവിലെയാണ് അജ്മല്‍ ഓഫീസ് ആക്രമിച്ചത്. പിന്നാലെയാണ്, ഓഫീസ് ആക്രമിച്ചവരുടെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാൻ കെഎസ്‌ഇബി തീരുമാനിച്ചത്.