തിരുവനന്തപുരത്ത് എസ്‌എഫ്‌ഐ-കെഎസ്‍യു സംഘര്‍ഷം; എം വിൻസന്റ് എം എല്‍ എക്കും പരുക്ക്

തിരുവനന്തപുരം കാര്യവട്ടം ക്യാംപസിലും ശ്രീകാര്യം പൊലീസ് സ്റ്റേഷന് മുന്നിലും എസ് എഫ് ഐ-കെ എസ് യു പ്രവർത്തകർ തമ്മില്‍ സംഘർഷം.

സംഘർഷത്തിനിടെ എം വിൻസൻ്റ് എം എല്‍ എ യെ എസ്‌എഫ്‌ഐ പ്രവർത്തകർ കൈയ്യേറ്റം ചെയ്തു. ഏറ്റുമുട്ടലില്‍ ഒരു കെഎസ് യു പ്രവർത്തകനും പൊലീസുകാരനും പരിക്കേറ്റതായാണ് വിവരം. കെ എസ് യു ജില്ലാ നേതാവിനെ ഇടിമുറിയിലിട്ട് എസ് എഫ് ഐ പ്രവർത്തകർ മർദിച്ചെന്നാരോപിച്ചാണ് സംഘർഷം ആരംഭിച്ചത്.

ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ കാര്യവട്ടം ക്യാംപസിലാണ് സംഘർഷത്തിന് തുടക്കം. ക്യാംപസിലെ വിദ്യാർഥിയും കെ എസ് യു ജില്ലാ ജനറല്‍ സെക്രട്ടറിയുമായ സാൻജോസിനെ ഇടിമുറിയില്‍ പൂട്ടിയിട്ട് എസ് എഫ് ഐ പ്രവർത്തകർ അതിക്രൂരമായി മർദിച്ചെന്നാണ് പരാതി. മർദിച്ച എസ് എഫ് ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ എസ് യു പ്രവർത്തകർ ശ്രീകാര്യം പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഇവിടേയ്ക്ക് എസ് എഫ് ഐ പ്രവർത്തകർ കൂടി എത്തിയതോടെ ഇരുവിഭാഗവും ചേരിതിരിഞ്ഞ് പോർവിളിയിലേക്ക് നീങ്ങി.

ഇതിനിടെ എം എല്‍ എ മാരായ ചാണ്ടി ഉമ്മനും എം വിൻസന്റും പോലീസ് സ്റ്റേഷനിലെത്തി. കാറില്‍ നിന്നിറങ്ങിയ എം വിൻസന്റ് എംഎല്‍എയെ എസ്‌എഫ്‌ഐ പ്രവർത്തകർ തടഞ്ഞു നിർത്തി കൈയേറ്റം ചെയ്തു. ഇതോടെ പൊലീസ് സ്റ്റേഷന് മുന്നിലെ സംഘർഷം രൂക്ഷമായി. സംഘർഷത്തിനിടെ കെ എസ് യുവിന്റെ മാർ ഇവാനിയോസ് കോളജ് യൂണിറ്റ് സെക്രട്ടറി ആദിനാഥിനും സി പി ഒ സന്തോഷിനും പരിക്കേറ്റു.

അതേസമയം, കാര്യവട്ടം ക്യാംപസിലെ സംഘർഷം ആസൂത്രിതമായിരുന്നുവെന്ന് എസ് എഫ് ഐ ആരോപിച്ചു. ബോധപൂർവ്വം കെ എസ് യു വും കോണ്‍ഗ്രസുമാണ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചതെന്നാണ് എസ്‌എഫ്‌ഐ നേതൃത്വത്തിന്റെ ആരോപണം, പുലർച്ചെ രണ്ടുമണി വരെ ശ്രീകാര്യം പൊലീസ് സ്റ്റേഷൻ പരിസരം സംഘർഷ ഭരിതമായിരുന്നു. ഇരു കൂട്ടരുടേയും പരാതികളില്‍ കേസെടുക്കാമെന്ന പൊലീസ് ഉറപ്പിന്മേലാണ് പ്രതിഷേധക്കാർ പിരിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *