പൗഡിക്കോണത്തെ ഗുണ്ടാ നേതാവിന്റെ കൊലപാതകത്തിലെ പ്രതികളെ തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസമാണ് വോട്ടുകത്തി ജോയി എന്നറിയപ്പെടുന്ന ജോയിയെ വെട്ടിക്കൊലപ്പെടുത്തിയത്.
കുറ്റിയാനി സ്വദേശികളാണ് പ്രതികളെന്നാണ് സൂചന.
ആറ് മാസം മുമ്ബ് പോത്തൻകോട് പ്ലാമൂട് നടന്ന വെട്ടുകേസിന്റെ പ്രതികാരമാണ് ജോയിയുടെ കൊലപാതകമെന്നാണ് വിവരം. പ്രതികളെ കണ്ടെത്താനായുള്ള അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുകയാണെന്ന് ശ്രീകാര്യം പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെയാണ് പൗഡിക്കോണം സൊസൈറ്റി ജങ്ഷനില്‍ വെച്ച് ജോയിക്ക് വെട്ടേറ്റത്. കാപ്പ കേസില്‍ ജയില്‍വാസം കഴിഞ്ഞ് രണ്ടുദിവസം മുൻപാണ് ജോയി പുറത്തിറങ്ങിയത്. പൗഡിക്കോണം വിഷ്ണു നഗറില്‍ വാടക വീട്ടില്‍ താമസിച്ചു വരികയായിരുന്നു.
ഓട്ടോറിക്ഷയിലെത്തിയ ജോയിയെ കാറിലെത്തിയ മൂന്നംഗ സംഘം സൊസൈറ്റി ജങ്ഷനില്‍ വെച്ച് വെട്ടുകയായിരുന്നു. രണ്ടുകാലിലും ഗുരുതരമായി പരിക്കേറ്റ ജോയിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ശനിയാഴ്ച പുലർച്ചെയോടെ മരിക്കുകയായിരുന്നു.